കേരള സര്‍വകലാശാല വി.സി. നിയമനം: സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍

arif-mohammed-khan-05
SHARE

വൈസ് ചാന്‍സലര്‍ നിയമനത്തില്‍ വീണ്ടും ഗവര്‍ണരും സര്‍ക്കാറും നേര്‍ക്കുനേര്‍. ഗവര്‍ണറുടെയും അധികാരം പരിമിതപ്പെടുത്താന്‍ ഒാര്‍ഡിനന്‍സ് സര്‍ക്കാര്‍ പരിഗണിക്കുന്നതിനിടെ കേരള വിസി നിയമനത്തിന് ഗവര്‍ണര്‍ സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചു. സര്‍വകലാശാല പ്രതിനിധിയെ നല്‍കാത്തതിനാല്‍ യുജിസിയുടെയും  ഗവര്‍ണറുടെയും പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു.

വിസി നിയമന രീതി അപ്പാടെ മാറ്റിമറിക്കുന്ന നിയമഭേദഗതി ഒാര്‍ഡിനന്‍സാക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തിനിടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍വകലാശാല വിസി നിയമനത്തിന് സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചത്. ഇത് സംബന്ധിച്ച വിജ്ഞാപനവും ഇറക്കി. ഗവര്‍ണരുടെ പ്രതിനിധിയായി കോഴിക്കോട് ഐഐഎം ഡയറക്ടർ ഡോ: ദേബാഷിഷ് ചാറ്റർജി, യുജിസി പ്രതിനിധിയായി കർണാടക കേന്ദ്ര സർവ്വകലാശാല വിസി ഡോ:ബട്ടു സത്യനാരായണ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ. കേരള സര്‍വകലാശാല പ്രതിനിധിയെ നല്‍കാത്തതിനാല്‍ ആ സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്.

സെനറ്റിന്റെ പ്രത്യേക യോഗം വിളിച്ചു ചേർത്ത് പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രനെ യൂണിവേഴ്സിറ്റി പ്രതിനിധിയായി തെരഞ്ഞെടുത്തിരുന്നുവെങ്കിലും അദ്ദേഹം സ്വയം ഒഴിവായി. ഇതിനിടെയാണ് വിസി നിയമനം പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള നിയമഭേദഗതി വേഗത്തിലാക്കാന്‍  ശ്രമം ആരംഭിച്ചത്. ഗവർണരുടെ പ്രതിനിധിയെ സർക്കാരിന്‍റെ ശുപാർശപ്രകാരം നിയമിക്കണമെന്നാണ് ഭേദഗതിയുടെ കരട് പറയുന്നത് . സർക്കാരിന്റെ പരിഗണയിലുള്ള  ഭേദഗതി പ്രകാരം മൂന്നംഗ കമ്മിറ്റിയിലെ രണ്ടുപേർ സമാന പാനൽശുപാർശ ചെയ്താൽ അത് കമ്മിറ്റിയുടെ ഔദ്യോഗിക പാനലാകും. അത് ഗവര്‍ണര്‍ സ്വീകരിക്കേണ്ടിയും വരും.

സർവ്വകലാശാല പ്രതിനിധിയും, ഗവർണറുടെ പ്രതിനിധിയും സർക്കാരിന് താല്പര്യമുള്ളവരാകുമ്പോൾ സർക്കാർ ഉദ്ദേശിക്കുന്ന ആളെ മാത്രമേ ഗവർണർക്ക് വൈസ് ചാൻസലറായി നിർമ്മിക്കാനാവു എന്ന സ്ഥിതി വരും. സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചതോടെ നിയമഭേദഗതിയോട് ഗവര്‍ണര്‍ക്ക് യോജിപ്പില്ലെന്ന് വ്യക്തമായി. മാത്രമല്ല ഒാര്‍ഡിനന്സ് ഗവര്‍ണര്‍ അംഗീകരിക്കുമോ എന്ന സംശയവും ഉയര്‍ന്നുകഴിഞ്ഞു. ഏതായാലും സെര്‍ച്ച് കമ്മറ്റി രൂപീകരിച്ച സാഹചര്യത്തില്‍ കേരള വിസി നിയമനവുമായി ഗവര്‍ണര്‍ക്ക് മുന്നോട്ട് പോകാനാവും. 

MORE IN BREAKING NEWS
SHOW MORE