അന്വേഷണ സംഘം രൂപീകരിക്കാതെ ക്രൈംബ്രാഞ്ച്; ആഭ്യന്തരവകുപ്പിന് ഉദാസീനത

എകെജി സെന്റര്‍ ആക്രമണ കേസിന്റെ തുടര്‍ അന്വേഷണത്തില്‍ മെല്ലപ്പോക്ക്. ക്രൈംബ്രാഞ്ചിന് വിട്ട് നാല് ദിവസമായിട്ടും അന്വേഷണസംഘം രൂപീകരിച്ചില്ല. ആക്രമണത്തിലെ യഥാര്‍ത്ഥ പ്രതിയിലേക്കുള്ള അന്വേഷണം പൊലീസ് അട്ടിമറിച്ചെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് ആഭ്യന്തരവകുപ്പിന്റെ ഉദാസീനത. സ്ഫോടക വസ്തു എറിഞ്ഞതാരാണെന്ന് കണ്ടെത്താന്‍ പൊലീസിന്റെ പ്രത്യേകസംഘം 23 ദിവസം അന്വേഷിച്ചിട്ടും ഒന്നും കിട്ടിയില്ല. അതോടെ ഉയര്‍ന്ന ആക്ഷേപങ്ങളെയെല്ലാം നേരിടാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ശനിയാഴ്ച വൈകിട്ട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനമായി. അതിന് ശേഷം രണ്ട് പ്രവൃത്തി ദിവസമടക്കം കഴിഞ്ഞിട്ടും കേസ് അന്വേഷിക്കേണ്ട ക്രൈംബ്രാഞ്ച് സംഘത്തെ രൂപീകരിച്ചില്ല. ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. 

ഇതോടെ ചുരുക്കത്തില്‍ സര്‍ക്കാര്‍  അഭിമാന പ്രശ്നമായി കണ്ടിരുന്ന കേസിന്റെ അന്വേഷണം മൂന്ന് ദിവസമായി നിലച്ചു. സ്ഫോടക വസ്തു എറിഞ്ഞയാളെ സഹായിച്ചെന്ന കരുതി കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചതോടെ കേസ് അന്വേഷണം വഴിതെറ്റിയെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. രണ്ടാം പ്രതിയെന്ന് സംശയിച്ച രാജാജി നഗര്‍ സ്വദേശിയെ സി.പി.എം ബന്ധം കാരണമാണ് വിട്ടയച്ചതെന്നും ഇതോടെ യഥാര്‍ത്ഥ പ്രതിയെ ഇനി പിടികൂടാന്‍ സാധ്യതയില്ലെന്നുമാണ് ആരോപണം ഉയരുന്നത്. അതിനിടയിലാണ് അന്വേഷണം ശക്തിപ്പെടുത്താനെന്ന പേരില്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങും മുന്‍പേ ഇഴയുന്നത്. എന്തുകൊണ്ടാണ് അന്വേഷണസംഘം രൂപീകരിക്കാത്തത് എന്നതിന് ക്രൈംബ്രാഞ്ചിന് പ്രത്യേക മറുപടിയൊന്നുമില്ല.