‘നൂപുര്‍ രാജ്യത്തോട് മുഴുവൻ മാപ്പ് പറയണം’; രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

nupur-sharma-supreme-court
SHARE

പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍നേതാവ് നൂപുര്‍ ശര്‍മയ്ക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. നൂപുര്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും കോടതി ആവശ്യപ്പെട്ടു.  രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ക്കെല്ലാം ഉത്തരവാദി നൂപുര്‍ ശര്‍മായാണ്. ഉദയ്പൂരിലുണ്ടായ ദാരുണ സംഭവത്തിന്‍റെ കാരണം നൂപുര്‍ ശര്‍മയുടെ പരാമര്‍ശമാണ്. നൂപുറിനെതിരായ കേസില്‍ ഡല്‍ഹി പൊലീസ് എന്താണ് ചെയ്തതെന്നും, ചുവപ്പ് പരവതാനി വിരിച്ചാണോ സ്വീകരിച്ചതെന്നും കോടതി ചോദിച്ചു. 

പ്രവാചക വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ വിവിധ സംസ്ഥാനങ്ങളിലുള്ള കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് സൂര്യകാന്തിന്‍റെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ച് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. നൂപുര്‍ ശര്‍മയുടെ പ്രസ്താവന കാരണം രാജ്യമാകെ തീ പടര്‍ന്നിരിക്കുകയാണ്. നൂപൂര്‍ ശര്‍മ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ചാനല്‍ ചര്‍ച്ച ഞങ്ങള്‍ കണ്ടതാണ്. എത്രമാത്രം അഹങ്കാരിയും ദുര്‍വാശിക്കാരിയുമാണ് അവരെന്ന് തെളിയിക്കുന്നതാണ് അത്. അവര്‍ എങ്ങനെയാണ് വികാരങ്ങള്‍ ആളിക്കത്തിച്ചതെന്നും ഞങ്ങള്‍ കണ്ടു. 

ഈ പരാമര്‍ശങ്ങള്‍ കാരണം രാജ്യമാകെ പ്രശ്നങ്ങളാണ്. ഉദയ്പൂരിലെ ദാരുണ സംഭവമുണ്ടായത് പോലും ഇതുകൊണ്ടാണ്. അവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവിയിരുന്നു. രാജ്യത്തെ നിയമങ്ങളെ വകവയ്ക്കാതെ എന്ത് പറഞ്ഞാലും അധികാരത്തിന്‍റെ പിന്‍ബലമുണ്ടാകുമെന്ന് കരുതിക്കാണുമെന്നും കോടതി തുറന്നടിച്ചു. കേസില്‍ ഡല്‍ഹി പൊലീസ് എന്ത് നടപടി സ്വീകരിച്ചുവെന്നും കോടതി ചോദിച്ചു. ഇത്രയും സംസ്ഥാനങ്ങളില്‍ കേസുണ്ടായിട്ടും നൂപുര്‍ ശര്‍മ ഇതുവരെ അറസ്റ്റിലായിട്ടില്ല. അവരുടെ സ്വാധീനത്തിന്‍റെ ബലമാണിത് തെളിയിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ചാനല്‍ ചര്‍ച്ചയില്‍ അവതാരകന്‍റെ ചോദ്യത്തിന് മറുപടി പറയുക മാത്രമാണ് ചെയ്തതെന്ന് നൂപുറിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. 

എങ്കില്‍ ചാനല്‍ അവതാരികയ്ക്കെതിരെയും കേസെടുക്കണമെന്ന് കോടതി. ചെയ്ത തെറ്റിന് രാജ്യത്തെ കോടതികളിലെല്ലാം കയറിയിറങ്ങാന്‍ നൂപുര്‍ അര്‍ഹയാണെന്ന് പറഞ്ഞ കോടതി എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഇതോടെ നൂപുര്‍ ഹര്‍ജി പിന്‍വലിച്ചു. 

MORE IN BREAKING NEWS
SHOW MORE