ഒന്നരവയസ്സുകാരിയെ തേപ്പുപെട്ടികൊണ്ട് പൊള്ളിച്ചു; അച്ഛന്‍ അറസ്റ്റിൽ

kid-burn
SHARE

തിരുവനന്തപുരം  വിഴിഞ്ഞത്ത് പിഞ്ചു കുഞ്ഞിനെ  ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛൻ അറസ്റ്റിൽ.   മുല്ലൂർ കുഴിവിളാകം കോളനിയിൽ അഗസ്റ്റിനെയാണ്  വിഴിഞ്ഞം പൊലീസ് പിടികൂടിയത്. ഇടതു കാലിൽ സാരമായി പരിക്കേറ്റ ഒന്നര വയസ്സുള്ള പെൺകുഞ്ഞ് ആശുപത്രിയിൽ ചികിത്സ തേടി. 

അറസ്റ്റിലായ പ്രതി നേരത്തെ പൊലീസിനെ ആക്രമിച്ച കേസിലെയും പ്രതിയാണ്.  സംഭവം പുറത്തറിഞ്ഞത് കുഞ്ഞിന്റെ മുത്തശി പൊലീസിൽ പരാതിപ്പെട്ടതിലൂടെയാണ്.  മദ്യപാനിയായ പ്രതിയും ഭാര്യയുമായുള്ള വഴക്കിനിടെയാണ് കുഞ്ഞിനോട് ക്രൂരത കാണിച്ചതെന്ന് പൊലീസ് പറഞ്ഞു. എല്ലാ ദിവസവും തന്റെ വീട്ടിൽ കൊണ്ടു വരുന്ന കുഞ്ഞിനെ 4 ദിവസമായി കാണാനില്ലാത്തതു ശ്രദ്ധിച്ച മുത്തശി തിങ്കളാഴ്ച മുല്ലൂരിലെ വീട്ടിൽ എത്തി. കുഞ്ഞിന്റെ കാലിലെ മുറിവ് ശ്രദ്ധയിൽപ്പെട്ട്  കാര്യമന്വേഷിച്ചപ്പോൾ 5 വയസ്സുള്ള മൂത്തമകൻ ഇസ്തിരിപ്പെട്ടി ചൂടാക്കി പൊള്ളലേൽപ്പിച്ചു എന്നായിരുന്നു മറുപടി.  

സംശയം തോന്നിയ മുത്തശി പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് മൂത്ത കുഞ്ഞുൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തതിലൂടെയാണ് അച്ഛന്റെ  ക്രൂരത വെളിപ്പെട്ടത്. മൂന്നു വർഷം മുൻപ് മുല്ലൂരിൽഗാനമേളക്കിടെയുണ്ടായ സംഘർഷത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളാണ് അഗസ്റ്റിനെന്നും പൊലീസ് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE