പൊതു ഇടങ്ങളിലും യാത്രകളിലും മാസ്ക് നിര്‍ബന്ധം; പരിശോധന കര്‍ശനമാക്കും

mask-checking04
SHARE

സംസ്ഥാനത്ത് മാസ്ക് പരിശോധന വീണ്ടും കര്‍ശനമാക്കുന്നു. മാസ്കില്ലാത്തവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നിയമനടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. പ്രതിദിന രോഗബാധ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി. മാസ്കില്ലാതെ പുറത്തിറങ്ങിയാല്‍ വീണ്ടും പിഴയടക്കേണ്ടി വരും. സംസ്ഥാനത്ത് ഏതാനും മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം പഴയ സാഹചര്യം മടങ്ങിവരുന്നൂവെന്നാണ് സര്‍ക്കാര്‍ നടപടികള്‍ സൂചിപ്പിക്കുന്നത്. പൊതുഇടങ്ങളിലും ആള്‍ക്കൂട്ടം ഉണ്ടാകുന്ന അവസരങ്ങളിലും യാത്രകളിലും മാസ്ക് നിര്‍ബന്ധമാണെന്നും അല്ലാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനുമാണ് എ.ഡി.ജി.പി വിജയ് സാഖറെ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നല്‍കിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നത്. 

ഏപ്രിലില്‍ സമാന ഉത്തരവ് ചീഫ് സെക്രട്ടറി ഇറക്കിയെങ്കിലും പൊലീസ് കര്‍ശന പരിശോധനയിലേക്ക് കടന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കോവിഡ് വ്യാപനം ഉയര്‍ന്ന് തുടങ്ങി. ഇന്നലെ 2993 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 18 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. തിരുവനന്തപുരം, എറണാകുളം പോലുള്ള ജില്ലകളില്‍ പ്രതിദിനം ആയിരത്തിനടുത്ത് രോഗികളുണ്ട്. ഇനിയും ഉയര്‍ന്നേക്കാമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് പരിശോധന കര്‍ശനമാക്കാനുള്ള തീരുമാനം. എന്നാല്‍ ഉത്തരവ് പുറത്ത് വരുമ്പോള്‍ ജനപ്രതിനിധികളെല്ലാം ഇരിക്കുന്ന നിയമസഭയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ ഭൂരിഭാഗം പേര്‍ക്കും മാസ്കുണ്ടായിരുന്നില്ല. 

MORE IN BREAKING NEWS
SHOW MORE