പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; സിപിഎം പ്രതിരോധത്തിൽ

രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരായ എസ്.എഫ്.ഐ ആക്രമണത്തിൽ സി.പി.എമ്മിനെ വരിഞ്ഞുമുറുക്കാൻ കോൺഗ്രസ്. സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ച പ്രതിപക്ഷം, നിയമസഭാ സമ്മേളനത്തിൽ പൂർണനിസഹകരണമാണ് ആലോചിക്കുന്നത്. അതേസമയം, മറുപടി പറയാനാകാതെ പ്രതിരോധത്തിലായ സി.പി.എം നേതൃത്വം, എസ്.എഫ്.ഐ ആക്രമണത്തെ പൂർണമായി തള്ളിപ്പറയുകയാണ്. 

സ്വർണ്ണക്കടത്ത് കേസിലെ പ്രതിഷേധങ്ങൾ ഒന്ന് ശമിച്ചുവരുമ്പോഴാണ് രാഹുൽഗാന്ധിയുടെ ഓഫീസിന് നേരെ ഒട്ടും പ്രതീക്ഷിക്കാത്ത എസ്.എഫ്.ഐ ആക്രമണം. ഇതോടെ സി.പി.എമ്മിനെതിരായ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസിന് വീണ്ടും കാരണമായി. ജനവികാരം എതിരാകുമെന്ന ഭയത്തിൽ ഹർത്താൽ വേണ്ടെന്നുവച്ച കോൺഗ്രസ് നേതൃത്വം, സംസ്ഥാനവ്യാപകമായി വിവിധ തലങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. നിയമസഭയ്ക്കുള്ളിൽ പൂർണമായി നിസഹകരിക്കാനും ആലോചനയുണ്ട്. രണ്ടു ആരോപണങ്ങളിലാണ് പ്രതിപക്ഷം ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഒന്ന്, മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും അറിയാതെ രാഹുൽഗാന്ധിയെ പോലെ ഒരു ദേശീയ നേതാവിന്റെ ഓഫീസ് ആക്രമിക്കപ്പെടില്ല. 

രണ്ടും ഇ.ഡിയുടെ നിരന്തര ചോദ്യം ചെയ്യലിന് വിധേയനായികൊണ്ടിരിക്കുന്ന രാഹുലിനെ ഉന്നംവച്ചുള്ള ആക്രമണം ബി.ജെ.പിയെ തൃപ്തിപ്പെടുത്താനുള്ള സി.പി.എം നീക്കമാണ്. രണ്ടും ആരോപണങ്ങളും പ്രതിപക്ഷം പൊതുചർച്ചയ്ക്ക് വിധേയമാക്കുമ്പോൾ സി.പി.എം കടുത്ത പ്രതിരോധത്തിലാണ്. എസ്.എഫ്.ഐയുടെ പ്രവൃത്തി ദേശീയതലത്തിൽ അടക്കം മങ്ങലേൽപ്പിക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. പ്രതിഷേധം കടുപ്പിച്ചെങ്കിലും അക്രമത്തിലേക്ക് പോകരുതെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ആഹ്വാനവും സി.പി.എമ്മിനെ കുഴയ്ക്കുന്നുണ്ട്. 

മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിലുണ്ടായ പ്രതിഷേധം വധശ്രമമായിട്ടാണ് സി.പി.എം ഉയർത്തിയത്. അതെല്ലാം ഒറ്റസംഭവത്തിലൂടെ എസ്.എഫ്.ഐ നഷ്ടപ്പെടുത്തിയെന്നും വിമർശനമുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും ഒന്നാകെ എസ്.എഫ്.ഐയുടെ ആക്രമണത്തെ തള്ളിപ്പറഞ്ഞത്. അന്വേഷണം പ്രഖ്യാപിച്ചും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തും ചിലർക്കെതിരെ നിയമനടപടി സ്വീകരിച്ചും മുഖം രക്ഷിച്ച് തൽക്കാലം തടിതപ്പാനാണ് സർക്കാരും പാർട്ടിയും ഇപ്പോൾ ശ്രമിക്കുന്നത്.