ബഫര്‍ സോണ്‍: രാഹുലിന് മുഖ്യമന്ത്രിയുടെ മറുപടി; കത്ത് പുറത്ത്

rahul-pinarayi
SHARE

ബഫര്‍ സോണ്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള രാഹുല്‍ഗാന്ധിയുടെ കത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി മനോരമ ന്യൂസിന്. ജൂണ്‍ എട്ടിന് എഴുതിയ കത്തിന് വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടിയും നല്‍കി. ഇതിന് ശേഷമാണ് വിഷയത്തില്‍ എം.പി ഇടപെടുന്നില്ല എന്നാരോപിച്ച് എസ്എഫ്ഐക്കാര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്തത്.

ജൂണ്‍ മൂന്നിനാണ് വനത്തിന് ചുറ്റും ജനവാസ മേഖലയടക്കം ഒരു കിലോമീറ്റര്‍ ചുറ്റളവ്  പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യണം എന്നസുപ്രീംകോടതി ഉത്തരവുണ്ടായത്. ഇക്കാര്യത്തില്‍ വയനാട് എം.പി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി ഇടപെട്ടില്ല എന്ന എസ്എഫ്ഐ ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് രേഖകള്‍ പറയുന്നു. ജൂണ്‍ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ബഫര്‍ സോണ്‍ ഉത്തരവ് വയനാട്ടിലെ ജനങ്ങള്‍ക്കുണ്ടാക്കുന്ന ആശങ്ക എം.പി ചൂണ്ടിക്കാട്ടുന്നു. എത്രയും പെട്ടന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഉന്നതാധികാരസമിതിയെയും വനംപരിസ്ഥിതി മന്ത്രാലയത്തെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം എന്ന് കത്ത് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു.

ഇതിന്  നല്‍ിയ മറുപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ ഇടപെടലും നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. വരുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഇക്കാര്യം ഉയര്‍ത്തിക്കാട്ടണമെന്നും മുഖ്യമന്ത്രി എം.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ ജൂണ്‍ 23 ന്  ബഫര്‍ സോണ്‍ വിഷയത്തല്‍ ഇടപെടല്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കും കത്തയച്ചു. കൃഷിയടക്കം വയനാട്ടിലെ ജനജീവിതത്തിന്‍റെ സമസ്ത മേഖലയെയും ബാധിക്കുന്നതാണ് ഉത്തരവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍മാണ നിരോധനം പശ്ചിമഘട്ടത്തിലെ പ്രധാനപ്പെട്ട ജനവാസമേഖലയായ വയനാടിനെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് എം.പി പറയുന്നു. ഈ കത്തുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തകയും ചെയ്തിരുന്നു.

MORE IN BREAKING NEWS
SHOW MORE