അഭയ കൊലക്കേസ് പ്രതികള്‍ക്ക് ജാമ്യം; ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വച്ച് ഹൈക്കോടതി

thomas-kottur-sefy
SHARE

അഭയ കൊലക്കേസ് പ്രതികളായ ഫാദർ തോമസ് കോട്ടൂരിനും, സിസ്റ്റർ സെഫിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇരുവരുടെയും ശിക്ഷ നടപ്പാക്കുന്നത് കോടതി നിർത്തിവെച്ചു. പ്രതികൾക്ക് ജാമ്യം ലഭിച്ചത് വൈകി വന്ന നീതി എന്നായിരുന്നു ക്നാനായ സഭയുടെ പ്രതികരണം. 

ജാമ്യാപേക്ഷയിൽ പ്രതികൾ ഉയർത്തിയ വാദങ്ങൾ ഫലപ്രദമായി പ്രതിരോധിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഫാദർ തോമസ് കോട്ടൂരിനും, സിസ്റ്റർ സെഫിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതി വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീലിൽ തീരുമാനമാകുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി നിർത്തി വെച്ചു. കർശന ഉപാധികളോടെയാണ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. 

പ്രതികൾ ഓരോരുത്തരും 5 ലക്ഷം രൂപ കെട്ടിവയ്ക്കണം. കോടതിയുടെ അനുമതി ഇല്ലാതെ സംസ്ഥാനം വിട്ട് പുറത്തു പോകാൻ പാടില്ല. ജാമ്യം ലഭിച്ച് ആറുമാസം വരെ എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. അപ്പീലിൽ തീർപ്പുണ്ടാകുന്നതുവരെയുള്ള സമയം ശിക്ഷാകാലാവധിയിൽ ഉൾക്കൊള്ളിക്കില്ലെന്നും ഉത്തരവിലുണ്ട്. ജാമ്യം വൈകിവന്ന നീതി എന്നായിരുന്നു ക്നാനായ സഭയുടെ പ്രതികരണം

കേസിനെക്കുറിച്ച് ശരിക്ക് പഠിക്കാത്ത അഭിഭാഷകന്‍ വാദിച്ചതുകൊണ്ടാണ് പ്രതികള്‍ക്ക് ജാമ്യം കിട്ടിയതെന്ന് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍‌ പറഞ്ഞു. കൗണ്ടര്‍ ഫയല്‍ ചെയ്തില്ലെന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്‍റെ ആരോപണം സിബിഐ തള്ളി. സിബിഐ നിലപാട് കോടതിയെ ധരിപ്പിച്ചിരുന്നു. അഭിഭാഷകന്‍റെ വാദം വിശദമായ ചര്‍ച്ചയ്ക്ക് ശേഷമെന്നും സിബിഐ വൃത്തങ്ങൾ വ്യക്തമാക്കി. ജാമ്യം ലഭിച്ച സിസ്റ്റര്‍ സെഫി ജയില്‍മോചിതയായി.  അട്ടക്കുളങ്ങര ജയിലില്‍നിന്ന് പുറത്തിറങ്ങിയ സെഫിയെ സ്വീകരിക്കാന്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ എത്തിയിരുന്നു. തുടര്‍ന്ന് അവര്‍ കോട്ടയത്തേക്ക് തിരിച്ചു.

MORE IN BREAKING NEWS
SHOW MORE