ബി.ജെ.പി പിന്തുണ അറിയിച്ചെന്ന് ഏക്നാഥ് ഷിന്‍ഡെ; നിര്‍ണായക പ്രഖ്യാപനം

shinde-resort
SHARE

മഹാരാഷ്ട്രയിൽ ബി.ജെ.പി പിന്തുണ അറിയിച്ചതായി ശിവസേന വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ അറിയിച്ചു. വിമതരുടെ യോഗത്തിലാണ് ഷിന്‍ഡെ നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ആവശ്യമുള്ള സമയത്ത് ഒപ്പംനില്‍ക്കാമെന്ന് ബി.ജെ.പി ഉറപ്പുനല്‍കിയെന്നാണ് എം.എല്‍.എമാരോട് ഷിന്‍ഡെ പറഞ്ഞത്. 

അതേസമയം, ഉദ്ധവ് താക്കറെയ്ക്ക് പൂര്‍ണപിന്തുണയെന്ന് ശരദ് പവാര്‍ അറിയിച്ചു. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും. ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിലാണ്. വിമതര്‍ ഉദ്ധവ് താക്കറെയുമായി നേരിട്ട് സംസാരിക്കണമെന്നും പവാർ നിർദേശിച്ചു. 

ഷിൻഡെ നാളെ ഗവർണറെ കണ്ടേക്കും

കൂടുതൽ എംഎൽഎമാരുടെ പിന്തുണ ഉറപ്പിച്ച ഏകനാഥ് ഷിൻഡെ നാളെ ഗവർണറെ കണ്ടേക്കും. വിമതപക്ഷത്തെ അനുനയിപ്പിക്കാൻ മഹാസഖ്യം വിടാൻ പോലും തയാറെന്ന അവസാന അടവും ശിവസേന പുറത്തിറക്കി. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച കോൺഗ്രസും എൻസിപിയും അടിയന്തര യോഗങ്ങൾ ചേർന്നു. 

ബാൽ താക്കറെയുടെ മകന് ശിവസേന നിയമസഭാ അംഗങ്ങളുടെ പിന്തുണ ദിവസവും കുറയുകയാണ്. മുഖ്യമന്ത്രി പദം കൈമാറാൻ സന്നദ്ധത അറിയിച്ച ഉദ്ധവിനെ തള്ളിയ മുൻ വിശ്വസ്തൻ ഏക്നാഥ് ഷിൻഡെ യാതൊരു അനുനയത്തിനുമില്ലെന്ന നിലപാടിൽ തുടരുന്നു. മുഖ്യമന്ത്രി വിളിച്ച എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുത്തത് ആദിത്യ താക്കറെയടക്കം 13 പേർ മാത്രം. അതേസമയം ഗുവാഹത്തിയിലെ റിസോർട്ടിൽ 42 നിയമസഭാംഗങ്ങളെ അണിനിരത്തി ഷിൻഡെ കരുത്തുകാട്ടി. കൂറുമാറ്റ നിരോധന നിയമം മറികടക്കാൻ മൂന്നിൽ രണ്ട് പിന്തുണ പേരുടെ പിന്തുണ ഉണ്ടെന്നാണ് ഷിൻഡെ വിഭാഗം അവകാശപ്പെടുന്നത്. 

24 മണിക്കൂറിനുള്ളിൽ മുംബൈയിൽ തിരികെയെത്തി മുഖ്യമന്ത്രിയുമായി വിമതർ ചർച നടത്തണമെന്നും, മുഴുവൻ എംഎൽഎമാരും ആവശ്യപ്പെട്ടാൽ മഹാസഖ്യം വിടുമെന്നുമുള്ള സഞ്ജയ് റാവുത്തിന്റെ പ്രസ്താവന സഖ്യകക്ഷികളെ ചൊടിപ്പിച്ചു.

ഗുവാഹത്തിയിലെ സ്വകാര്യ ഹോട്ടലിൽ ബി ജെ പി നേതാക്കൾ സന്ദർശനം നടത്തി. സർക്കാർ രൂപീകരിച്ചാൽ ഷിൻഡെയ്ക്കും കൂട്ടാളികൾക്കും നൽകുന്ന സ്ഥാനം സംബന്ധിച്ചും പ്രാഥമിക ചർചകൾ നടന്നതായാണ് വിവരം. 

MORE IN BREAKING NEWS
SHOW MORE