കോണ്‍ഗ്രസ് മാര്‍ച്ച് തുടക്കത്തിലേ തടയാന്‍ ശ്രമം; സംഘര്‍ഷം; ഡീന്‍ കസ്റ്റഡിയില്‍

ഡല്‍ഹിയിൽ കോണ്‍ഗ്രസിന്റെ ഇഡി ഓഫീസ് മാര്‍ച്ച് തുടക്കത്തിലെ തടയാന്‍ പൊലീസ് ശ്രമം. എഐസിസി ഓഫീസിനു മുന്നില്‍ ബാരിക്കേഡ് സ്ഥാപിച്ച് നേതാക്കളെ തടഞ്ഞു. ബാരിക്കേഡ് തള്ളിമാറ്റിയും മുകളിലൂടെ കടന്നും മാര്‍ച്ച് തുടരാന്‍ നീക്കം. ബാരിക്കേഡ് കടന്നുവരുന്നവരെ ബലംപ്രയോഗിച്ച് അറസ്റ്റുചെയ്തു നീക്കി. പൊലീസുമായി ഉന്തുംതള്ളും, സ്ഥലത്ത് സംഘര്‍ഷാവസ്ഥ. ഡീന്‍ കുര്യാക്കോസ് എംപി കസ്റ്റഡിയില്‍. 

അതേസമയം, നാഷനൽ ഹെറൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇ.ഡി ചോദ്യം ചെയ്യൽ അഞ്ചാം ദിവസവും തുടരുന്നു.  ചോദ്യം ചെയ്യൽ അകാരണമായി നീട്ടിക്കൊണ്ടുപോകുന്നത് ആരോപിച്ച് പ്രതിഷേധം ശക്തമാകുകയാണ് കോൺഗ്രസ്.  ഇ.ഡി നടപടിയിൽ പ്രതിഷേധിച്ച് മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ എഐസിസി ആസ്ഥാനത്ത് സത്യഗ്രഹ  സമരം  നടക്കുകയാണ്. എഫ്ഐആർ പോലുമില്ലാത്ത കേസിലാണ് അഞ്ചുദിവസമായി ചോദ്യം ചെയ്യുന്നതിനും ഇത് രാഷ്ട്രീയ എന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു.

ചോദ്യം ചെയ്ത ശേഷം ഇന്നലെ അർധരാത്രി 12.30 ആയിരുന്നു രാഹുൽഗാന്ധി ആസ്ഥാനം വിട്ടത്. അഞ്ചാം ദിവസത്തെ ചോദ്യം ചെയ്യലിനായി രാവിലെ കൃത്യം പതിനൊന്ന് കാലിന് രാഹുൽ വീണ്ടും ഇ.ഡി ആസ്ഥാനത്തെത്തി. ഇന്നലെ 10 മണിക്കൂറിലേറെ ആയിരുന്നു ചോദ്യം ചെയ്യൽ. നാല് ദിവസങ്ങളിലായി ചോദ്യംചെയ്യൽ 40 മണിക്കൂറിലേറെ പിന്നിട്ടു. ഇന്നും രാത്രി വരെ ചോദ്യംചെയ്യൽ നീണ്ടു നിൽക്കാൻ ആണ് സാധ്യത. ചോദ്യംചെയ്യൽ നാളെ കൂടി ഉണ്ടെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിലെ തീരുമാനം.