
വിദ്വേഷപ്രസംഗ കേസില്‍ പി.സി.ജോര്‍ജ് കസ്റ്റഡിയില്‍. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ചോദ്യംചെയ്യലിന് ഹാജരായ ജോര്‍ജിനെ എ.ആര്‍.ക്യാംപിലേക്ക് മാറ്റി . കസ്റ്റഡിയിലെടുത്ത പി.സി.ജോര്‍ജിന്‍റെ അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തും. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് കമ്മിഷണറും കൊച്ചിയിലെത്തും. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ തിരുവനന്തപുരം കോടതി പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. അതേസമയം ജാമ്യം റദ്ദാക്കിയതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു.
വെണ്ണല വിദ്വേഷപ്രസംഗ കേസില്‍ പി.സി.ജോര്‍ജിന് പിന്തുണയുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും തൃക്കാക്കരയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി എ.എന്‍.രാധാകൃഷ്ണനും പാലാരിവട്ടം സ്റ്റേഷനിലെത്തി. നേരത്തെ, ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ച പി.ഡി.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.