കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; ‘ഇനി സ്വതന്ത്രന്‍; എസ്പിക്ക് നന്ദി’

kapilsibal-25
ചിത്രം; ഹിന്ദുസ്ഥാൻ ടൈംസ്
SHARE

മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവുമായ കപില്‍ സിബല്‍ പാര്‍ട്ടി വിട്ടു. സമാജ്‍വാദി പാര്‍ട്ടി പിന്തുണയോടെ രാജ്യസഭാ എംപിയാകും. നരേന്ദ്ര മോദിക്കെതിരെ വിശാലസഖ്യമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് കപില്‍ സിബല്‍ പറഞ്ഞു. സിബലിന്‍റെ രാജി തിരിച്ചടിയല്ലെന്നും പാര്‍ട്ടിവിട്ടവരെ ആക്ഷേപിക്കാനില്ലെന്നും എെഎസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. ഗാന്ധി കുടുംബത്തിനെതിരെ ശബ്ദമുയര്‍ത്തി കോണ്‍ഗ്രസില്‍ തിരുത്തലിന് ശ്രമിച്ചിരുന്ന കപില്‍ സിബല്‍ ഒടുവില്‍ പുറത്തേയ്ക്ക്. നേതൃമാറ്റത്തിനായി രംഗത്തുണ്ടായിരുന്ന ജി23 നേതാക്കളില്‍ ഒരാള്‍. രാവിലെ ലക്നൗവില്‍ സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി സിബല്‍ കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്ന് രാജ്യസഭാ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മേയ് 16ന് കോണ്‍ഗ്രസ് നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയിരുന്നതായി സിബല്‍ പറഞ്ഞു.

നിലവില്‍ യുപിയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് സിബല്‍. ജൂലൈയില്‍ കാലാവധി പൂര്‍ത്തിയാകും. വീണ്ടും ടിക്കറ്റ് നല്‍കാന്‍ സാധ്യതയില്ലായിരുന്നു. പാര്‍ട്ടി പദവികളിലും പരിഗണന ലഭിച്ചിരുന്നില്ല. രാജസ്ഥാനില്‍ നടന്ന ചിന്തന്‍ ശിബരത്തില്‍ സിബല്‍ പങ്കെടുത്തിരുന്നില്ല.  യുപിയില്‍ നിന്ന് ഒഴിവുവരുന്ന 11 രാജ്യസഭാ സീറ്റുകളില്‍ മൂന്നെണ്ണം സമാജ്‍വാദി പാര്‍ട്ടിക്ക് ജയിക്കാന്‍ കഴിയുന്നതാണ്. 2017ല്‍ പാര്‍ട്ടിയിലെ കുടുംബവഴക്കില്‍ അഖിലേഷിന് സൈക്കിള്‍ ചിഹ്നം നേടാനും ഒടുവില്‍ അസം ഖാന് ജാമ്യം ലഭിക്കാനും വഴിയൊരുക്കിയത് മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ സിബലാണ്. എസ്പി ദേശീയ നിര്‍വാഹക സമിതി അംഗം ജാവേദ് അലി ഖാന്‍, അഖിലേഷ് യാദവിന്‍റെ ഭാര്യയും കനൗജ് മുന്‍ എംപിയുമായ ഡിംപിള്‍ യാദവ്, ആര്‍എല്‍ഡി മേധാവി ജയന്ത് ചൗധരി എന്നിവരുടേതാണ് രാജ്യസഭയിലേയ്ക്ക് ഉയര്‍ന്നുകേള്‍ക്കുന്ന മറ്റുപേരുകള്‍.  

MORE IN BREAKING NEWS
SHOW MORE