സർക്കാരിനോട് മാപ്പുപറഞ്ഞ് ഡിജിപി: വീഴ്ച ചട്ടം പാലിക്കാതെ കരാര്‍ നൽകിയതിന്

DGP-Finance-01
SHARE

ചട്ടങ്ങള്‍ പാലിക്കാതെയുള്ള സാമ്പത്തിക ഇടപാടില്‍ സര്‍ക്കാരിനോട് മാപ്പ് ചോദിച്ച് ഡി.ജി.പി അനില്‍കാന്ത്. പൊലീസ് വെബ്സൈറ്റ് നവീകരണത്തിന്റെ കരാര്‍ സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ അനുമതിയില്ലാതെ നല്‍കിയതിലാണ് ഡി.ജി.പി വീഴ്ച സമ്മതിച്ചത്. ഡി.ജി.പിയുടെ വിശദീകരണം അംഗീകരിച്ച് ആഭ്യന്തരവകുപ്പ് നാല് ലക്ഷത്തിലേറെ രൂപയുടെ ഇടപാടിന് അനുമതി നല്‍കി. 

    

പൊലീസ് വെബ്സൈറ്റ് നവീകരിക്കാന്‍ തീരുമാനിച്ച ഡി.ജി.പി സ്വകാര്യ സ്റ്റാര്‍ടപ്പ് കമ്പനിക്ക് കരാര്‍ നല്‍കി. അങ്ങിനെ കരാര്‍ നല്‍കുന്നതിന് മുന്‍പ് രണ്ട് കാര്യങ്ങള്‍ ഡി.ജി.പി ചെയ്യണമായിരുന്നു.

1)സര്‍ക്കാരിനോട് മുന്‍കൂര്‍ അനുമതി തേടണം 2)അതിന് ശേഷം ടെണ്ടര്‍ ക്ഷണിച്ച്, വകുപ്പുതല ടെക്നിക്കല്‍ കമ്മിറ്റി പരിശോധിച്ച്, കമ്മിറ്റിയുടെ അനുമതിയോടെയേ  സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കാവു.

ഇത് രണ്ടും പാലിക്കാതെ സ്വന്തം നിലയില്‍ കരാര്‍ നല്‍കിയ ഡി.ജി.പി നാല് ലക്ഷത്തി ആയിരത്തി ഇരുന്നൂറ് രൂപ സ്വകാര്യ കമ്പനിക്ക് കൈമാറുകയും ചെയ്തു. ഇതിന് അംഗീകാരം തേടി ആഭ്യന്തരവകുപ്പിനെ സമീപിച്ചപ്പോഴാണ് വിശദീകരണക്കുറിപ്പില്‍  മാപ്പ് ചോദിച്ചത്. സമയപരിമിതി മൂലമാണ് വീഴ്ച സംഭവിച്ചതെന്നാണ് വിശദീകരണം. ഇനി ആവര്‍ത്തിക്കില്ലെന്നും അറിയിച്ചതോടെ ഫണ്ട് ചെലവഴിക്കലിന് സര്‍ക്കാര്‍ അനുമതി നല്‍കി.

ചട്ടങ്ങള്‍ പാലിക്കാതെ സ്വകാര്യ കമ്പനികള്‍ക്ക് ലക്ഷങ്ങളുടെ കരാര്‍ നല്‍കുന്നത് അഴിമതിയാണെന്ന് മുന്‍ ഡി.ജി.പിയുടെ കാലത്ത് സി.എ.ജി കുറ്റപ്പെടുത്തിയിരുന്നു. അതേ നിയമലംഘനം ഡി.ജി.പി മാറിയിട്ടും പൊലീസില്‍ തുടരുന്നൂവെന്നും ഇതോടെ വ്യക്തമാവുകയാണ്.

MORE IN BREAKING NEWS
SHOW MORE