'സ്ഥാനാര്‍ഥികളെ ആരാധാനലായങ്ങളിലെത്തിച്ച് സത്യം ചെയ്യിച്ച് കോണ്‍ഗ്രസ്': കൗതുകം

Goa-Election-01
SHARE

കോണ്‍ഗ്രസിനെ പരിഹസിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി. യുപിയില്‍ കോണ്‍ഗ്രസിന് നല്‍കി ജനങ്ങള്‍ വോട്ട് പാഴാക്കരുതെന്ന് മായാവതി പറഞ്ഞു. ഗോവയില്‍ കൂറുമാറ്റം ആവര്‍ത്തിക്കാതിരിക്കാന്‍ സ്ഥാനാര്‍ഥികളെ ആരാധനാലയങ്ങളിലെത്തിച്ച് കോണ്‍ഗ്രസ് സത്യം ചെയ്യിച്ചു. പഞ്ചാബില്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയും സിദ്ദുവും തമ്മിലുള്ള തര്‍ക്കത്തില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥി നിര്‍ണയം വൈകുകയാണ്. 

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മായാവതിയുടെ മൗനം ആശ്ചര്യപ്പെടുത്തുന്നുവെന്ന  പ്രിയങ്കാ ഗാന്ധിയുടെ പരാമര്‍ശനത്തിന് പരിഹാസമാണ് ബിഎസ്പി അധ്യക്ഷയുടെ മറുപടി. യുപിയില്‍ കോണ്‍ഗ്രസിന്‍റെ അവസ്ഥ പരിതാപകരമാണ്. കോണ്‍ഗ്രസ് പ്രതിപക്ഷത്തിന്‍റെ വോട്ട് ഭിന്നിപ്പിക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം മണിക്കൂറുകള്‍ക്കകം പ്രിയങ്കാ ഗാന്ധി പിന്‍വലിച്ചതും ചൂണ്ടിക്കാട്ടിയാണ് മായാവതിയുടെ കോണ്‍ഗ്രസിന് നേരെയുള്ള വിമര്‍ശനം. അതിനിടെ കൂറുമാറ്റം തടയാന്‍ ഗോവയിലെ സ്ഥാനാര്‍ഥികളെ ആരാധനാലയങ്ങളിലെത്തിച്ച് സത്യം ചെയ്യിച്ചത് കൗതുകമായി. കോണ്‍ഗ്രസിനൊപ്പം ഉറച്ച് നിൽക്കുമെന്നാണ് അമ്പലത്തിലും പള്ളികളിലുമെത്തി സ്ഥാനാര്‍ഥികള്‍ പ്രതിജ്ഞയെടുത്തത്. കഴിഞ്ഞ തവണ 17 സീറ്റു നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസില്‍ നിന്ന് പിന്നീട് 15 എംഎല്‍എമാരാണ് കൂറുമാറിയത്. ഇതാവര്‍ത്തിക്കാതിരിക്കാനാണ് തിരഞ്ഞെടുപ്പിന് മുന്‍പേയുള്ള നീക്കം. അതേസമയം പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തില്‍ തര്‍ക്കം തുടരുന്ന കോണ്‍ഗ്രസിന് രണ്ടാംഘട്ട സ്ഥാനാര്‍ഥി നിര്‍ണയവും കീറാമുട്ടിയാവുകയാണ്. 

മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയും പിസിസി അധ്യക്ഷന്‍ നവ്ജോത് സിങ് സിദ്ദുവും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടര്‍ന്നതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്.പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്‍പ് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ ആരോപിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഇഡിയെ ഭയപ്പെടുന്നത് പോലെ ആംആദ്മി പാര്‍ട്ടി ഭയപ്പെടില്ലെന്നും കേജ്‍രിവാള്‍ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE