കോടതി ‘വടിയെടുത്തു’; കാസര്‍കോട് സമ്മേളനം ഇന്ന് രാത്രി അവസാനിപ്പിക്കും

cpm-kgd-hc
SHARE

സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം ഇന്ന് രാത്രിയോടെ അവസാനിപ്പിക്കും. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഹൈക്കോടതി വിലക്കാണ് കോവിഡ് വ്യാപനത്തിനിടയിലും കാസർകോട് ജില്ലാ സമ്മേളനവുമായി മുന്നോട്ട് പോയ സിപിഎമ്മിന് കനത്ത തിരിച്ചടിയായത് . കാസർകോട് അമ്പത് പേരിൽ കൂടുലുള്ള പൊതുപരിപാടികൾ ഹൈക്കോടതി വിലക്കി. പൊതുപരിപാടികൾ വിലക്കിയ കാസർകോട് ജില്ലാകലക്ടറുടെ ഉത്തരവ് പുനസ്ഥാപിക്കണമെന്ന ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾക്കുള്ള സംസ്ഥാന സർക്കാരിൻറെ പുതിയ മാർഗനിർദേശങ്ങളുടെ പ്രായോഗികത തന്നെ  ചോദ്യം ചെയ്താണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് അന്പത് പേരിൽ കൂടുതൽ അനുവദിക്കാത്തപ്പോൾ രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനത്തിന് എന്ത് പ്രത്യേകതയാണുള്ളതെന്ന് കോടതി ചോദിച്ചു. ടിപിആർ 36 ശതമാനമുള്ള കാസർകോട്ടെ സാഹചര്യം കൂടി കണക്കിലെടുത്താണ് അമ്പത് പേരിൽ കൂടുതലുള്ള പൊതുപരിപാടികൾ ഹൈക്കോടതി വിലക്കിയത്. ഉത്തരവ് നടപ്പാക്കുന്നു എന്ന് ജില്ലാ കലക്ടർ ഉറപ്പ് വരുത്തണമെന്നും ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനും ജസ്റ്റിസ് സി.ജയചന്ദ്രനും അടങ്ങിയ ഡിവിഷൻ ബഞ്ച് നിർദേശിച്ചു. 

കോവിഡ് നിയന്ത്രണത്തിന് ജില്ലകളെ മൂന്നു കാറ്റഗറികളായി തിരിച്ച സംസ്ഥാന സർക്കാരിൻറെ നടപടി യുക്തിസഹമാണോയെന്നും കോടതി ചോദിച്ചു. ഒറു കാറ്റഗറിയിലും ഉൾപ്പെടാത്ത ജില്ലകളിലെ നിയന്ത്രണത്തിൻറെ കാര്യത്തിൽ വ്യക്തതയില്ലെന്നും ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനത്തിനിടയിലും സിപിഎം സമ്മേളനം നടത്താനായി കലക്ടറുടെ ഉത്തരവ് പിൻവലിച്ചെന്ന് ആരോപിച്ച് അഭിഭാഷക ഗുമസ്തനായ അരുൺ രാജാണ് ഹൈക്കോടതിയെ സമീപിച്ചത്.

MORE IN BREAKING NEWS
SHOW MORE