സിപിഎം സമ്മേളനത്തിന് സഹകരണസംഘങ്ങളില്‍നിന്ന് പിരിവെടുപ്പ്; സര്‍ക്കുലര്‍

cpm-alappuzha-fund-circulla
SHARE

സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിനു സഹകരണ സംഘങ്ങളിൽ നിന്നു പണം പിരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിയുടെ സർക്കുലർ. സാമ്പത്തിക സ്ഥിതിയനുസരിച്ച് 10,000 രൂപ മുതൽ 25000 രൂപ വരെ പിരിക്കണമെന്നാണു നിർദേശം. പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങൾ, സഹകരണ ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നു ഫണ്ട് പിരിക്കാനുള്ള ചുമതല ഏരിയ കമ്മിറ്റികൾക്കാണ്  നല്‍കിയിരിക്കുന്നത്.  സംസ്ഥാന, ജില്ലാ കമ്മിറ്റി അംഗങ്ങൾക്കും ഏരിയ കമ്മിറ്റികൾക്കുമായി കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ അയച്ച അടിയന്തര സർക്കുലറിലാണ് സഹകരണ സംഘങ്ങളിൽ നിന്ന് പണം പിരിക്കാനുള്ള നിർദേശം .ജില്ലാ സമ്മേളനത്തിന് നല്ല രീതിയിലുള്ള സാമ്പത്തിക സഹായം ആവശ്യമാണ്. സഹകരണ സംഘങ്ങളിൽ നിന്നു സംഭാവന സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നല്ല സാമ്പത്തിക ഭദ്രതയുള്ള സ്ഥാപനങ്ങൾ 25000 രൂപയും മറ്റു സംഘങ്ങൾ 10,000 രൂപ വീതവും ജില്ലാ സമ്മേളന ഫണ്ടിലേക്കു നൽകുവാൻ ആവശ്യമായ നിർദേശം  സഹകരണ സംഘം പ്രസിഡന്റുമാർക്കു നൽകണമെന്നാണ്  ആവശ്യപ്പെട്ടിരിക്കുന്നത്. 

രാഷ്ട്രീയ പാര്‍ട്ടി സമ്മേളനങ്ങൾക്കു ഫണ്ട് നൽകാൻ സഹകരണ സംഘങ്ങൾക്കു നിയമപ്രകാരം അധികാരമില്ല, പാർട്ടി നിർദേശ പ്രകാരം ഫണ്ട് നൽകാൻ വ്യാജ വൗച്ചറുകൾ തയാറാക്കേണ്ടി വരും. കൃത്രിമ രേഖ ചമച്ച് പണം വകമാറ്റുന്നതിനു സഹകരണ സംഘം ഭാരവാഹികൾക്കുമേല്‍ സമ്മര്‍ദമുണ്ടെന്നാണ് ആക്ഷേപം. ജില്ലാ സമ്മേളനങ്ങൾ ഏത് ഏരിയ കമ്മിറ്റിയുടെ കീഴിലാണോ നടക്കുന്നത് ആ കമ്മിറ്റി ഫണ്ട് കണ്ടെത്തി സമ്മേളനം സംഘടിപ്പിക്കുന്നതാണ് സിപിഎം രീതി. പാർട്ടിക്കു നിയന്ത്രണമുള്ള നൂറിലധികം സഹകരണ സംഘങ്ങള്‍  ജില്ലയിലുണ്ട്. കോവ‍ിഡ് പ്രോട്ടോക്കോള്‍ ള്ളതിനാൽ മറ്റു സംഘടനകൾ ആളെണ്ണവും ആഡംബരവും കുറച്ച് പരിപാടികൾ നടത്തുകയും പല സമ്മേളനങ്ങളും ഒഴിവാക്കുകയുമാണ് ചെയ്യുന്നത്. നിയന്ത്രണങ്ങള്‍ ശക്തമായി തുടരുമ്പോഴും  ആഡംബര സമ്മേളനം സംഘടിപ്പിക്കാനാണ് ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎം വ്യാപകമായ പണപ്പിരിവ് നടത്തുന്നതെന്നാണ് ആക്ഷേപം .ജനുവരി 28, 29,30 തീയതികളില്‍ കണിച്ചുകുളങ്ങരയിലാണ് ആലപ്പുഴ ജില്ലാ സമ്മേളനം.

MORE IN BREAKING NEWS
SHOW MORE