വിരാട് കോലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു

virat-kohli-4
SHARE

വിരാട് കോലി ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു. ട്വറ്ററിലൂടെയാണ് കോലിയുടെ രാജിപ്രഖ്യാപനം. 2014ല്‍  ധോണിയില്‍ നിന്ന് നായകസ്ഥാനം ഏറ്റെടുത്ത കോലി ഇന്ത്യയ്ക്ക് ഏറ്റവുമധികം ജയം സമ്മാനിച്ച നായകനാണ്. ട്വന്റി 20 നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കോലിയെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്ന് നീക്കിയത് വിവാദമായിരുന്നു. ഇന്ത്യയ്ക്ക് ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച നായകന്‍. ഓസ്ട്രേലിയയിയല്‍ ടെസ്റ്റ് പരമ്പര നേടിയ ആദ്യ ഏഷ്യന്‍ ക്യാപ്റ്റന്‍.

ഇംഗ്ലണ്ടും ഓസ്ട്രേലിയയും കീഴടക്കിയ കോലി ദക്ഷിണാഫ്രിക്കയില്‍ അടിതെറ്റിയതിന് പിന്നാലെ നായകസ്ഥാനം ഉപേക്ഷിച്ചു. ഒരു പരമ്പര തോല്‍വിയല്ല കോലിയുടെ പടിയിറക്കത്തിന് കാരണം എന്ന് വ്യക്തം. ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്ന് പുറത്താക്കിയത് ബിസിസിഐയുമായുള്ള സ്വരചേര്‍ച്ചയില്ലായ്മയ്ക്ക് തെളിവായി. ട്വിറ്ററിലൂടെയെത്തിയ രാജിപ്രഖ്യാപനത്തില്‍ തന്നിലെ നായകനെ കണ്ടെത്തിയ ധോണിക്കും പിന്തുണച്ച രവി ശാസ്ത്രിക്കും നന്ദിയറിയിച്ചു. 

ഏഴുവര്‍ഷക്കാലം കഴിവിന്റെ പരമാവധി ടീമിനായി പ്രയത്നിച്ചെന്ന് പറഞ്ഞുകൊണ്ടാണ് വിടവാങ്ങല്‍ ട്വീറ്റ്. ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ഉയരങ്ങളിലെത്തിച്ച നായകന് നന്ദിയെന്ന് ബിസിസിഐയുടെ മറുപടിയുടനെത്തി.  കോലി ഇന്ത്യയെ നയിച്ച 68 മല്‍സരങ്ങളില്‍ 40ലും ജയം. 11 മല്‍സരങ്ങള്‍ സമനിലയിലായപ്പോള്‍ തോല്‍വി 17 മല്‍സരങ്ങളില്‍ മാത്രം. ധോണിയുടെ പിന്‍ഗാമി ധോണിയുടെ നേട്ടങ്ങളെയും പിന്നിലാക്കി. ഐസിസി ടൂര്‍ണമെന്റുകളിലെ  നിര്‍ഭാഗ്യം ടെസ്റ്റിലും കോലിയെ വിട്ടൊഴിഞ്ഞില്ല.  പ്രഥമ ടെസ്റ്റ് ലോകകപ്പില്‍ ഫൈനലിലെത്തിയെങ്കിലും ന്യൂസീലന്‍ഡിനോട് തോറ്റു. പിന്‍ഗാമികള്‍ എത്തിപ്പിടിക്കാന്‍ പ്രയാസപ്പെടുന്നത്ര നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് അഗ്രസീവ് ക്യാപ്റ്റന്‍ പടിയിറക്കം.

MORE IN BREAKING NEWS
SHOW MORE