ആറരലക്ഷം യാത്രക്കാർ; 2025–26ല്‍ കമ്മീഷന്‍ ചെയ്യും; സില്‍വര്‍ലൈന്‍ ഡി.പി.ആര്‍ പ്രസിദ്ധീകരിച്ചു

silver-line-dpr
SHARE

രഹസ്യരേഖയെന്ന് അവകാശപ്പെട്ട സില്‍വര്‍ ലൈന്‍ പദ്ധതിരേഖ സര്‍ക്കാര്‍ പുറത്തുവിട്ടു. 1,198 ഹെക്ടര്‍ സ്വകാര്യഭൂമി ഏറ്റെടുക്കേണ്ടിവരും. പദ്ധതിച്ചെലവായി കണക്കാക്കുന്ന 63,940 കോടി രൂപയില്‍ പകുതിയിലേറെയും വായ്പയെടുക്കേണ്ടി വരും. റെയില്‍പ്പാത ഇരട്ടിപ്പിക്കാനും ആറുവരിപ്പാതക്കും വേണ്ടതിന്റെ പകുതിയില്‍ താഴെ ഭൂമി മതിയാകുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ എതിര്‍പ്പിന്റെ മുഖ്യ കാരണങ്ങളിലൊന്നായ പ്രകൃതിദുരന്തസാധ്യത അടിവരയിട്ട് ഉറപ്പിക്കുന്നുമുണ്ട് ഇന്ന് പുറത്തുവിട്ട ഡിപിആര്‍. 

സില്‍വര്‍ലൈനേക്കാള്‍ ലാഭകരം നിലവിലെ റയില്‍പ്പാത ഇരട്ടിപ്പിക്കലല്ലേയെന്ന ചോദ്യം പ്രതിപക്ഷം ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അല്ലന്ന് താരതമ്യം പഠനം തെളിയിച്ചെന്നാണ് ഡി.പി.ആറിലെ അവകാശവാദം. ഒരു കിലോമീറ്ററില്‍ റയില്‍പാത ഇരട്ടിപ്പിക്കാന്‍  6.1 ഹെക്ടര്‍ ഭൂമി വേണ്ടപ്പോള്‍ സില്‍വര്‍ ലൈനിന് വെറും 2.4 ഹെക്ടര്‍ ഭൂമി മതി. ആറുവരിപ്പാതക്ക് സില്‍വര്‍ലൈനിന്റെ മൂന്നിരട്ടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ ആകെ വേണ്ടത് 1383 ഹെക്ടര്‍ ഭൂമി,  ഇതില്‍ 185 ഹെക്ടര്‍ റയില്‍വെ ഭൂമിയാകുമ്പോള്‍ 1198 ഹെക്ടര്‍ സ്വകാര്യസ്ഥലമാണ്. 2025–26 ല്‍ കമ്മീഷന്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന പാതയില്‍ ആദ്യ ഘട്ടനിര്‍മാണം കൊച്ചുവേളി മുതല്‍ തൃശൂര്‍ വരെ. രണ്ടാംഘട്ടം കാസര്‍കോടേക്ക് നീളും.  കോഴിക്കോട്ട് നിര്‍മിക്കുന്നത് ഭൂഗര്‍ഭ സ്റ്റേഷനാണങ്കില്‍ കൊച്ചുവേളി, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഭൂനിരപ്പില്‍ നിന്ന് ഉയര്‍ന്നായിരിക്കും സ്റ്റേഷന്‍. കൊല്ലത്ത് വര്‍ക് ഷോപ്പും കാസര്‍കോട്ട് പരിശോധനാകേന്ദ്രവും നിര്‍മിക്കും. ബിസിനസ്, സ്റ്റാന്‍ഡേര്‍ഡ് എന്നീ രണ്ടു ക്ളാസുകളിലായി ഒമ്പത് കോച്ചുകളുള്ള ട്രയിനില്‍ 675 പേര്‍ക്ക് യാത്ര ചെയ്യാം. 

പുലര്‍ച്ചെ 5 മുതല്‍ രാത്രി 11 വരെയാവും സര്‍വീസ്. സാധാരണ ട്രയിനുകള്‍ക്ക് പുറമെ ടൂറിസ്റ്റുകള്‍ക്കായി പ്രത്യേക ട്രയിനും ട്രക്കുകള്‍ക്കായി കൊങ്കന്‍ മാതൃകയില്‍ റോ റോ സര്‍വീസുമുണ്ടാവും. പദ്ധതിച്ചെലവ് 63,940 കോടി രൂപ മാത്രമെന്നാണ് ഡി.പി.ആറിലെയും അവകാശവാദം. ഇതില്‍ പകുതിയിലേറെയും വായ്പയെടുക്കുകയാണ് ലക്ഷ്യം. ഇത്തരത്തില്‍ നേട്ടങ്ങള്‍ അവതരിപ്പിക്കുമ്പോഴും ഡി.പി.ആര്‍ തന്നെ ഗുരുതര ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. നിര്‍മാണഘട്ടത്തില്‍ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുമെന്നും അത് ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും കാരണമാവുമെന്നുമാണ് മുന്നറിയിപ്പ്. പദ്ധതിയെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുകയും മുഖ്യമന്ത്രിയടക്കം പരസ്യമായി നിഷേധിക്കുകയും ചെയ്തതായിരുന്നു ഇത്. ദുരന്തനിവാരണ അതോറിറ്റി മാപ്പ് പ്രകാരം പാത കടന്നുപോകുന്നത് പ്രളയ സാധ്യത മേഖലയിലൂടെയുമാണ്.

MORE IN BREAKING NEWS
SHOW MORE