രാഷ്ട്രീയ സമ്മര്‍ദം; രേഖപുറത്തുവിട്ട് സർക്കാർ; ജനങ്ങളെ കബളിപ്പിച്ചെന്ന് സതീശൻ

vd-satheesan-3
SHARE

രാഷ്ട്രീയ സമ്മര്‍ദത്തിനൊടുവില്‍ അപ്രതീക്ഷിതമായാണ് പദ്ധതി രേഖ സര്‍ക്കാര്‍ പുറത്തു വിട്ടത്. പ്രതിപക്ഷത്തിന്‍റെ അവകാശ ലംഘന നോട്ടീസിന് പിറകെയാണ് രേഖപുറത്തുവിട്ടത്. പ്രതിരോധ രഹസ്യങ്ങളുള്‍പ്പെട്ട രേഖയെന്ന് അവകാശപ്പെട്ട് ഡിപിആര്‍ മറച്ചുവച്ചതിലൂടെ സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. 

പ്രതിരോധ, സാമ്പത്തിക, സാങ്കേതിക  രഹസ്യങ്ങള്‍ അടങ്ങിയ രേഖയെന്ന വാദം ഉയർത്തി പിടിച്ചുവെച്ചിരുന്ന 3700 പേജ് വരുന്ന ഡി.പി.ആറാണ് ഒരു വിശദീകരണവുമില്ലാതെ നിയമസഭ വെബ്സൈറ്റിലൂടെ സർക്കാർ പ്രസിദ്ധീകരിച്ചത്. നിയമസഭയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടിസും ഹൈക്കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന നിയമോപദേശവുമാണ് സർക്കാരിന്റെ മനംമാറ്റത്തിന് കാരണമെന്നാണ് സൂചന. പൗരപ്രമുഖരോട് പദ്ധതി വിശദാംശങ്ങള്‍ പങ്കുവച്ച് മുഖ്യമന്ത്രിയുടെ സംവാദം തുടരുമ്പോൾ ഡി.പി.ആർ മറച്ചുവയ്ക്കുന്നത് പൊതുസമൂഹത്തിൽ അനാവശ്യസംശയത്തിന് ഇടവരുത്തുമെന്ന വിലയിരുത്തലും സർക്കാരിനുണ്ടായി. ഇത്രയും നാള്‍ ഈ രേഖമറച്ചുവെച്ചതിനെ പ്രതിപക്ഷനേതാവ് നിശിതമായി വിമര്‍ശിച്ചു.

പദ്ധതി വന്നാലുള്ള നേട്ടങ്ങള്‍ പറയുന്ന 620 പേജുള്ള സാധ്യതാ പഠനം ഉള്‍പ്പെടെ ട്രാഫിക്ക് സര്‍വെ, ജിയോസാങ്കേതിക പഠനം, ഭൂസര്‍വെയുടെ , ഏറ്റെടുക്കേണ്ട സ്ഥലവും ഒഴിപ്പക്കപ്പെടേണ്ടവരുടെ വിശദാംശങ്ങളും ഇതിവുണ്ട്. ദ്രുത പാരിസ്ഥിതിക ആഘാത പഠനവും അനുബന്ധമായുണ്ട്. പദ്ധതിയെകുറിച്ച് ഇതുവരെ ഉയര്‍ന്നുവന്ന ആശങ്കകള്‍സാധൂകരിക്കുന്നതാണ് ഡിപിആര്‍ എന്നാണ് സമര സമിതിയും പ്രതിപക്ഷവും പറയുന്നതെന്നതും ശ്രദ്ധേയമാണ്.  വരും ദിവസങ്ങളില്‍ ഡിപിആര്‍ സംസ്ഥാനത്ത് വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാകും , ഒപ്പം പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഇതിനെ അടിസ്ഥാനമാക്കി പുതിയ വാദഗതികള്‍ ഉയര്‍ത്തുകയും ചെയ്യും.

MORE IN BREAKING NEWS
SHOW MORE