ദിലീപിന്റെ അറസ്റ്റിന് വിലക്ക് നീട്ടി; മൊഴി പരിശോധിക്കണമെന്ന് കോടതി

dileep-bail
SHARE

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി ഹൈക്കോടതി പരിശോധിക്കും. കേസില്‍ ദിലീപടക്കം അഞ്ചു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി. അറസ്റ്റിനുള്ള വിലക്ക് അന്ന് വരെ തുടരും. അതേസമയം നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുണ്ടെന്ന് ആരോപിച്ച് ദിലീപ് വിചാരണക്കോടതിയെ സമീപിച്ചു.

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ െചയ്തത്, സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് നല്‍കിയ പരാതിയിലാണ് കേസ് . ബാലചന്ദ്രകുമാറിന്‍റെ മൊഴി പരിശോധിക്കാതെ ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാനാകില്ല എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കേസ് ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്.  

പൊലീസ് ബുദ്ധിമുട്ടിക്കുന്നുവെന്നും അറസ്റ്റിനുള്ള സാധ്യതയുണ്ടെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ അറിയിച്ചു. മുന്‍കൂര്‍ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റുണ്ടാകില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിക്ക് ഉറപ്പ് നല്‍കി. ദിലീപിന് പുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതിനിടെ നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്‍റെ കൈവശമുണ്ടെന്നും ഇതു വാങ്ങിവയ്ക്കണമെന്നുമാവശ്യപ്പെട്ട് ദിലീപ് വിചാരണക്കോടതിയെ സമീപിച്ചു.  ൈബജു പൗലോസ് ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം. കേസ് കോടതി അടുത്ത വ്യാഴാഴ്ച പരിഗണിക്കും.

MORE IN BREAKING NEWS
SHOW MORE