പി.എസ്.സി കോപ്പിയടിയും കോര്‍പറേഷന്‍ നികുതി വെട്ടിപ്പും നാണക്കേട്; വിമർശിച്ച് മുഖ്യമന്ത്രി

pinarayi-vijayan-03
SHARE

പി.എസ്.സി കോപ്പിയടി വിവാദം പാർട്ടിക്ക് തിരിച്ചടിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദത്ത് വിവാദത്തിൽ ശരിയായ നിലപാട് എടുക്കാനായോ എന്ന് പരിശോധിക്കണമെന്നും തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പിണറായി പറഞ്ഞു. സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ സി.പി.ഐക്കെതിരെ രൂക്ഷ വിമർശനമാണുള്ളത്. റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.

പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം തിരുവനന്തപുരം ജില്ലയിലെ സാഹചര്യം സംബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് പിണറായി വിജയൻ ജില്ലാ സിപിഎമ്മിനുണ്ടായ വീഴ്ചകളെ വിമർശിച്ചത്. പി. എസ്.സി കോപ്പിയടി വിവാദം പാർട്ടിക്ക് തിരിച്ചടിയായെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കോർപറേഷനിലെ നികുതി വെട്ടിപ്പ് കേസുകളും നാണക്കേടുണ്ടാക്കി. വിഭാഗീയത ഇല്ലാതായെങ്കിലും ചിലർ തുരുത്തുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. ഫെയ്സ് ബുക്കിൽ ആളെ കൂട്ടലല്ല സംഘടനാ പ്രവർത്തനമെന്നും സമൂഹ മാധ്യമങ്ങൾ വ്യക്തിയാരാധനയ്ക്ക് ഉപയോഗിക്കരുതെന്നും പിണറായി വിജയൻ പറഞ്ഞു. 

നഗരമേഖലയിലും ചിറയിൻകീഴ് താലൂക്കിലും ബി.ജെ.പി മുന്നേറുന്നതിൽ ജാഗ്രത പാലിക്കണം. എന്നാൽ തിരുവാതിര കളി വിവാദം മുഖ്യമന്ത്രി പരാമർശിച്ചില്ലെന്നതും ശ്രദ്ധേയം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലും ബി.ജെ.പിയുടെ വളർച്ച തടയാൻ ജാഗ്രത പുലർത്തണമെന്ന പരാമർശമുണ്ട്. റിപ്പോർട്ടിൽ മുൻ എം.പി എ.സമ്പത്തിനെതിരെയും പരാമർശമുണ്ട്. സംഘടനാ പ്രവർത്തനത്തിൽ സമ്പത്തിന് ശ്രദ്ധയില്ലെന്നാണ് വിമർശനം. റിപ്പോർട്ടിൻമേൽ പൊതുചർച്ച നാളെയും തുടരും.

പ്രവർത്തന റിപ്പോർട്ടിൽ സി.പി.ഐക്കെതിരെയുമുണ്ട് നിശിതമായ ഭാഷയിൽ വിമർശനം. ഒരു പഞ്ചായത്ത് വാർഡിൽ പോലും ജയിക്കാനാവാത്ത സി.പി.ഐക്ക് പലയിടത്തും സി പി എമ്മിനെ തോൽപിക്കാമെന്നാണ് വിശ്വാസമെന്ന് റിപ്പോർട്ടിൽ പരിഹസിക്കുന്നു.

MORE IN BREAKING NEWS
SHOW MORE