കായലിലെ തിരച്ചില്‍ നിര്‍ത്തി; ദുരൂഹമായി ഹാർഡ് ഡിസ്ക്; സൈജു ഇന്നും ഹാജരായില്ല

model-death-case-6
SHARE

കൊച്ചി പാലാരിവട്ടത്ത് മുന്‍ മിസ് േകരളയടക്കമുള്ളവര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ നമ്പര്‍ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുള്ള ഹാര്‍ഡ് ഡിസ്കിന് വേണ്ടി കായലിലെ തിരച്ചില്‍ പൊലീസ് അവസാനിപ്പിച്ചു. ഇത് കായലില്‍ വലിച്ചെറിഞ്ഞ മൊഴിയെത്തുടര്‍ന്ന് മൂന്ന് ദിവസം കായലില്‍ തിരച്ചില്‍ നടത്തിയിരുന്നു. അതേസമയം അപകടത്തില്‍ മരിച്ചവരുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജുതങ്കച്ചന്‍ ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായില്ല. 

കൊച്ചിയില്‍ മുന്‍ മിസ് കേരളയും സുഹൃത്തുക്കളും കാറപടകത്തില്‍ കൊല്ലപ്പെടും മുമ്പ് പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിലെ ഹാര്‍ഡ് ഡിസ്ക് കണ്ണങ്കാട്ട് പാലത്തില്‍ നിന്ന് കായലില്‍ എറിഞ്ഞു കളഞ്ഞുവെന്നാണ് ഹോട്ടല്‍ ജീവനക്കാരുടെ  മൊഴി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സിന്‍റെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ പൊലീസ് വ്യാപക തിരച്ചില്‍ നടത്തി. മത്സ്യത്തൊഴിലാളികളുടെ വലയില്‍ ഹാര്‍ഡ് ഡിസ്ക് പോലെ ഒരു വസ്തു കുടുങ്ങിയെന്നും അത് എറിഞ്ഞുകളഞ്ഞെന്നുമുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലും തിരച്ചില്‍ നടന്നു. എന്നാല്‍ ഹാര്‍ഡ് ഡിസ്ക് കണ്ടെടുക്കാനായില്ല.  

ഇതേത്തുടര്‍ന്നാണ് ഹാര്‍ഡ് ഡിസ്കിന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് അവസാനിപ്പിച്ചത്. അതേസമയം കാറപകടത്തില്‍ കൊല്ലപ്പെട്ട മോഡലുകളെ പിന്തുടര്‍ന്ന സൈജു തങ്കച്ചന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. 24 മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന് കാട്ടി പൊലീസ് സൈജുവിന് നോട്ടീസ് നല്‍കിയിരുന്നു. കൊച്ചിയില്‍ ഇന്‍റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുന്ന സൈജു നമ്പര്‍ 18 ഹോട്ടലില്‍ സ്ഥിരമായി ഡിജെ പാര്‍ട്ടിക്ക് എത്താറുണ്ട്. അപകടത്തില്‍ പെട്ടവര്‍ മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചപ്പോള്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ചെയ്തതെന്നും അവരെ പിന്തുടര്‍ന്നില്ലെന്നുമാണ് സൈജു കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുള്ളത്.  അപകടത്തില്‍ ദൂരൂഹതയില്ലെന്നും കേസിന് ആവശ്യമായ ദൃശ്യങ്ങള്‍ ഹോട്ടലില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഹാര്‍ഡ് ഡിസ്ക് നശിപ്പിച്ചതിന്‍റെ കാരണം ഇനിയും വ്യക്തമല്ല. 

MORE IN BREAKING NEWS
SHOW MORE