സി.ഐയുടെ പെരുമാറ്റത്തിന് ക്ലീൻ ചീറ്റ്: കേസെടുക്കുന്നതിൽ ഗുരുതരവീഴ്ച: റിപ്പോർട്ട്

sudheer
SHARE

ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമവിദ്യാര്‍ഥിനിയുടെ പരാതിയില്‍ കേസെടുക്കുന്നതില്‍ സിഐ സി .എൽ സുധീര്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്. പരാതി ലഭിച്ച് 25 ദിവസം കഴിഞ്ഞ്  ആത്മഹത്യയ്ക്ക് ശേഷമാണ് പൊലീസ് കേസെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മരിച്ച മോഫിയയുടെ ഭര്‍ത്താവടക്കമുള്ള പ്രതികളെ റിമാന്‍ഡ് ചെയ്തു.ആലുവയില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിയമവിദ്യാര്‍ഥിനി ഒക്ടോബര്‍ 29ന് ഗാര്‍ഹിക പീഡന പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ സിഐ സുധീര്‍ തയാറായില്ലന്നാണ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പെണ്‍കുട്ടി മരിച്ച ശേഷം മാത്രമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഇക്കാര്യത്തില്‍ സിഐയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം സിഐ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം റിപ്പോര്‍ട്ട് നിഷേധിക്കുന്നു. പെണ്‍കുട്ടിയോട് സിഐ സുധീര്‍ മോശമായി പെരുമാറിയിട്ടില്ല. സിഐയുടെ ഓഫീസില്‍ വച്ച് ഭര്‍ത്താവിന്‍റെ മുഖത്തടിച്ച യുവതിയെ തടയുക മാത്രമാണ് ചെയ്തതെന്നാണ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒക്ടോബര്‍ 29ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നവംബര്‍ 18നാണ് പെണ്‍കുട്ടിയെയും മാതാപിതാക്കളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാല്‍ അസൗകര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടികളും മാതാപിതാക്കളും ഹാജരായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനിടെ മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍, ഭര്‍തൃപിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെ കോടതി പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

MORE IN BREAKING NEWS
SHOW MORE