വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികളെ കോടതി വെറുതെവിട്ടു

sakeer-19
SHARE

കൊച്ചിയില്‍ വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസില്‍ സിപിഎം നേതാവ് സക്കീര്‍ ഹുസൈനടക്കമുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നു എറണാകുളം എസിജെഎം കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരനടക്കമുള്ള സാക്ഷികള്‍ കേസിന്‍റെ വിചാരണ വേളയില്‍ കൂറുമാറിയിരുന്നു.

എറണാകുളം ജില്ലയില്‍ സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ കേസില്‍ സക്കീര്‍ ഹുസൈനടക്കമുള്ള പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. സക്കീര്‍ ഹുസൈന് പുറമേ ഡിവൈഎഫ്ഐ നേതാവ് കറുകപ്പിള്ളി സിദ്ദീഖ്, തമ്മനം ഫൈസല്‍, കാക്കനാട് സ്വദേശീ ഷീല തോമസ് എന്നിവരെയാണ് എറണാകുളം എസിജെഎം കോടതി വെറുതെ വിട്ടത്. ക്രിമിനല്‍ ഗൂഡാലോചന, തട്ടിക്കൊണ്ട് പോകല്‍, തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. 

എന്നാല്‍ പ്രതികള്‍ക്കതിരെ വ്യക്തമായ തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിന്‍റെ വിചാരണഘട്ടത്തില്‍ പരാതിക്കരനടക്കം ആറു സാക്ഷികള്‍ പ്രതിഭാഗത്തിന് അനുകൂലമായി കൂറുമാറിയിരുന്നു. ഇതോടെയാണ് കേസ് അട്ടിമറിക്കപ്പെട്ടത്. 2016 ഒക്ടോബറിലാണ് വ്യവസായി ജൂബി പൗലോസ് സിപിഎം ഏരിയ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈനെതിരെ പരാതിയുമയി പൊലീസിനെ സമീപിച്ചത്. സക്കീര്‍ ഹുസൈന്‍റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയി പാര്‍ട്ടി ഓഫീസില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. സംഭവം വിവാദമായതിനെ തുടര്‍ന്ന് സക്കീര്‍ ഹുസൈനെ സിപിഎമ്മില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പിന്നീട് പാര്‍ട്ടി അന്വേഷണകമ്മിഷന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതോടെയാണ് സക്കീര്‍ ഹുസൈന്‍ പാര്‍ട്ടിയിലേക്ക് തിരികെയെത്തിയത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...