കടംവാങ്ങിയ പണം നൽകാമെന്ന് പറഞ്ഞ് വരുത്തി; മഴു കൊണ്ട് തലക്കടിച്ചു കൊന്നു; അറസ്റ്റ്

eldho-murder
SHARE

കോതമംഗലത്ത് സ്റ്റുഡിയോ ഉടമ എല്‍ദോസ് പോളിനെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസികളായ മൂന്നംഗ കുടുംബം അറസ്റ്റില്‍. പിണ്ടിമന സ്വദേശി എല്‍ദോ, പിതാവ് ജോയി, അമ്മ മോളി എന്നിവരാണ് പിടിയിലായത്. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാത കാരണം. പ്രതികളുമായുള്ള തെളിവെടുപ്പ് പൊലീസ് പൂര്‍ത്തിയാക്കി.

കോതമംഗലത്ത് ഭൂതത്താന്‍ക്കെട്ട് പെരിയാര്‍വാലി ഹൈലെവല്‍ കനാലിന്റെ തീരത്ത് കഴിഞ്ഞ തിങ്കള്‍ പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. ഇരുചക്രവാഹനവും അടുത്തുതന്നെയുണ്ടായിരുന്നു. അപകടമരണമെന്ന് ആദ്യഘട്ടത്തില്‍ തോന്നിച്ച കേസിലാണ് നിര്‍ണായക വഴിത്തിരിവുണ്ടായത്. സ്കൂട്ടറിന്റെ സ്റ്റാര്‍ട്ടിങ് കീ ഓഫ് ആയിരുന്നത് സംശയത്തിനിടയാക്കി. പോസ്റ്റുമോര്‍ട്ടത്തില്‍ തലക്ക് രണ്ടടിയേറ്റിട്ടുണ്ടെന്നും വ്യക്തമായി. രാത്രിയില്‍ ഫോണ്‍ വന്നതിന് പിന്നാലെയാണ് എല്‍ദോസ് പോള്‍ പോയതെന്ന മൊഴിയും നിര്‍ണായകമായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് എല്‍ദോ ജോയി, പിതാവ് ജോയി, അമ്മ മോളി എന്നിവര്‍ പിടിയിലായത്. പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കടംവാങ്ങിയ പണം തിരികെ നല്‍കാമെന്നു പറഞ്ഞ് ഞായര്‍ രാത്രി പത്തരയോടെ പ്രതികളുടെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. 

തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ എല്‍ദോ മഴുവിന്റെ പിടികൊണ്ട് രണ്ടുവട്ടം എല്‍ദോസിന്റെ തലക്കടിച്ചു. തലക്കടിയേറ്റ് മരിച്ച എല്‍ദോസ് പോളിനെ എല്‍ദോയും ജോയിയും ചേര്‍ന്ന് നാനൂറ് മീറ്ററകലെ കനാല്‍തീര‍ത്ത് തള്ളി. പിന്നാലെ സ്കൂട്ടറും താഴേക്ക് തള്ളിയിട്ടു. എല്‍ദോസിന്റെ നിലത്തുവീണ മൊബൈല്‍ വീട്ടില്‍ക്കൊണ്ടുപോയി അരകല്ലില്‍വച്ച് ഇടിച്ചുപൊടിച്ച് അടുപ്പിലിട്ട് കത്തിച്ചു. അവശേഷിച്ച ഭാഗങ്ങള്‍ പറമ്പില്‍ തള്ളിയത് തെളിവെടുപ്പിനിടെ കണ്ടെടുത്തു. മഴുവിന്റെ ഭാഗങ്ങളും ലഭിച്ചു. കനാല്‍ ബണ്ട് റോഡില്‍ പ്രതികളെ കാണാനായി ജനക്കൂട്ടമെത്തിയത് ഗതാഗതക്കുരുക്കുമുണ്ടാക്കി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...