‘ആറ്റിങ്ങലിലെ പരസ്യവിചാരണ; രജിതയ്ക്കു വീഴ്ച പറ്റി; പരമാവധി ശിക്ഷനല്‍കി’

pink-police
SHARE

ആറ്റിങ്ങലില്‍ മോഷണക്കുറ്റമാരോപിച്ച് മൂന്നുവയസുകാരിയെയും അച്ഛനെയും പരസ്യവിചാരണ ചെയ്ത പിങ്ക് പൊലീസുകാരിക്കെതിരെ കൂടുതല്‍ നടപടിവേണ്ടെന്ന് ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയുടെ റിപ്പോര്‍ട്ട്. മോശംഭാഷയോ ജാതിയധിക്ഷേപമോ സിപിഒ രജിത നടത്തിയില്ലെന്നും നിലവിലെടുത്ത നടപടി മതിയെന്നുമാണ് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ട്. അതേസമയം, പൊലീസുകാരിക്കെതിരെ കൂടുതല്‍ നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പരസ്യവിചാരണയ്ക്കിരയായ ജയചന്ദ്രന്‍ പ്രതികരിച്ചു.

നാട്ടുകാരെല്ലാം കണ്ട അധിക്ഷേപത്തിന് വീട്ടില്‍ നിന്ന് ഏറെ ദൂരെത്തേക്കല്ലാത്ത സ്ഥലംമാറ്റവും 15 ദിവസത്തെ പരിശീലനവും മതി ശിക്ഷയെന്നാണ് ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയുടെ നിലപാട്. മോശംഭാഷയോ ജാതിയധിക്ഷേപമോ പിങ്ക് പൊലീസുകാരി രജിത നടത്തിയില്ലെന്നും അതിനാല്‍ കൂടുതല്‍ നടപടിക്കുള്ള തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. രജിത പ്രശ്നത്തില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്നും അച്ഛനോടും മൂന്നാംക്ലാസുകാരി മകളോടും ഇടപെടുമ്പോള്‍ വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്. തെറ്റുപറ്റിയിട്ടും മാപ്പുപറയാനും തയ്യാറായില്ല. പരസ്യവിചാരണക്കിരയായ ജയചന്ദ്രന്‍ നല്‍കിയ പരാതിയിലായിരുന്നു ഹര്‍ഷിത അട്ടല്ലൂരിയുടെ അന്വേഷണം. പരാതിക്കാരനായ തന്‍റെയോ മകളുടെയോ മൊഴിയെടുക്കാതെയാണ് ഐജിയുടെ റിപ്പോര്‍ട്ടെന്ന് ജയചന്ദ്രന്‍ പറഞ്ഞു.

തന്‍റെ മൊബൈല്‍ ഫോണ്‍ എടുത്തു എന്നു പറഞ്ഞായിരുന്നു പൊതുജനമധ്യത്തില്‍ പിങ്ക് പൊലീസുകാരി മൂന്നാംക്ലാസുകാരിയെയും അച്ഛനെയും അവഹേളിച്ചത്. ഫോണ്‍ പിന്നീട് പൊലീസുകാരിയുടെ ഹാന്‍ഡ് ബാഗില്‍ നിന്ന് കിട്ടുകയും ചെയ്തു. യൂണിഫോമിടുന്ന ഡ്യൂട്ടിയില്‍ നിന്ന് രജിതയെ മാറ്റണമെന്ന് പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...