പാലാ ബിഷപ്പിനെ തുണച്ച് ഇമെയിൽ; വെട്ടിലായി കോൺഗ്രസ്: പ്രതിഷേധിച്ച് ലീഗ്

DCC-Press-Release-04
SHARE

പാലാ ബിഷപ്പിനെ അനുകൂലിച്ച് തൃശൂരിലെ യു.ഡി.എഫിന്റേതായി വന്ന വാർത്താക്കുറിപ്പിനെ ചൊല്ലി വിവാദം. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഇമെയിലിൽ നിന്ന് എത്തിയ വാർത്താക്കുറിപ്പ് താനറിഞ്ഞില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ പ്രതികരിച്ചു. പ്രസ്താവന ഇറക്കിയ യു.ഡി.എഫ് കൺവീനറെ നീക്കണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു.   

നർക്കോട്ടിക് ജിഹാദുണ്ടെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനയെ അനുകൂലിച്ചായിരുന്ന തൃശൂർ യു.ഡി.എഫ്. ജില്ലാ ഘടകത്തിന്റെ വാർത്താക്കുറിപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചത്. കേരള കോൺഗ്രസ് പ്രതിനിധിയാണ് യു.ഡി.എഫിന്റെ ജില്ലാ കൺവീനർ. ഡി.സി.സി. തൃശൂരിന്റെ ഇമെയിൽ വിലാസത്തിൽ നിന്ന് ഇങ്ങനെയൊരു വാർത്താക്കുറിപ്പ് ഇറങ്ങിയത് ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ അറിഞ്ഞതുമില്ല. ഇമെയിൽ അയച്ച ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്ന് ജോസ് വള്ളൂർ പ്രതികരിച്ചു. യു.ഡി.എഫിലെ ചില തൽപരകക്ഷികളാണ് ഇത്തരമൊരു വ്യാജ പ്രസ്താവന പുറത്തിറക്കിയതെന്നും ഡി.സി.സി. പ്രസിഡന്റ് കുറ്റപ്പെടുത്തി. 

അതേസമയം, പാലാ ബിഷപ്പിനെ അനുകൂലിച്ചുള്ള യു.ഡി.എഫ്. വാർത്താക്കുറിപ്പിനെതിരെ മുസ്ലീം ലീഗ് രംഗത്തുവന്നു. വാർത്താക്കുറിപ്പ് ഇറക്കിയ യു.ഡി.എഫ്. കൺവീനറെ നീക്കണമെന്ന നിലപാടാണ് ലീഗിന്റേത്. കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷ നേതാവും സ്വീകരിച്ച നിലപാടിനു വിരുദ്ധമായി തൃശൂരിലെ യു.ഡി.എഫിന്റെ പേരിൽ വാർത്താക്കുറിപ്പ് ഇറങ്ങിയതോടെ വെട്ടിലായത് കോൺഗ്രസാണ്. പ്രശ്നം രമ്യമായി പരിഹരിക്കാൻ നേതാക്കൾ ശ്രമം തുടങ്ങി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...