'അച്ചടക്ക നടപടി തിരിച്ചടിക്കും; കൊഴിഞ്ഞുപോക്കിന് നേതൃത്വവും ഉത്തരവാദി'

Congress
SHARE

കോൺഗ്രസിൽ നിന്ന് സിപിഎമ്മിലേക്കുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്കിന് നേതൃത്വവും ഉത്തരവാദിയാണെന്ന് ഒരു വിഭാഗം നേതാക്കൾ. അച്ചടക്കത്തിന്റെ പേരിലുള്ള കടുത്ത നടപടികൾ തിരിച്ചടിയുണ്ടാക്കുന്നുവെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം. നേതാക്കൾ പാർട്ടി വിട്ടു പോകുന്നത് തടയാൻ നേതൃത്വം ശ്രമിക്കാത്തതിലും നേതാക്കൾക്ക് അതൃപ്തിയുണ്ട്. പാർട്ടി വിടുന്നവരെ സ്വാഗതം ചെയ്യുന്ന സിപിഎം സമീപനം കരുതലോടെ നോക്കിക്കാണണമെന്ന് ഗ്രൂപ്പുകൾ.  

പി.എസ്. പ്രശാന്തും പിന്നാലെ കെ പി അനിൽ കുമാറും പാർട്ടി വിടുന്ന സാഹചര്യം ഒഴിവാക്കണമായിരുന്നുവെന്നാണ് കെപിസിസി മുൻ അധ്യക്ഷന്മാർ ഉൾപെടെ മുതിർന്ന നേതാക്കളുടെ ഉൾപ്പെടെ അഭിപ്രായം. പാർട്ടി വിടുന്നവർ പോകട്ടെയെന്ന നിലപാട് നേതൃത്വത്തിന് ചേർന്നതല്ലെന്നാണ് നേതാക്കളുടെ വിമർശനം. പാർട്ടി വിട്ടു പോകുന്ന നേതാക്കളെ മാലിന്യമെന്നും മറ്റും നേതൃപദവികൾ വഹിക്കുന്നവർ വിശേഷിപ്പിക്കുന്നത് മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണെന്നും നേതാക്കൾ പറയുന്നു. പാർട്ടിക്കുള്ളിൽ പ്രധാനപ്പെട്ട പദവികൾ വഹിക്കുകയും സ്ഥാനാർത്ഥികളായി മൽസരിക്കുകയും ചെയ്തവരാണ് പി.എസ്. പ്രശാന്തും അനിൽകുമാറും. ഇക്കാര്യം ഓർമിപ്പിക്കുകയാണ് നേതാക്കൾ. 

പാർട്ടി വിടുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ സിപിഎം തയാറായി നിൽക്കുന്നത് കരുതലോടെ കാണണമെന്ന് പ്രബല ഗ്രൂപ്പുകളുടെ നേതൃത്വങ്ങൾ സൂചിപ്പിക്കുന്നു. നേതൃത്വം ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കൂടുതൽ പേർ പാർട്ടി വിടുന്ന സാഹചര്യം ഉണ്ടാകുമെന്നും  പൊതുസമൂഹത്തിൽ അത് ഉണ്ടാക്കുന്ന തിരിച്ചടി വലുതായിരിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. കൊഴിഞ്ഞുപോക്ക് തിരിച്ചടി അല്ലെന്ന് പറയുമ്പോഴും അവശേഷിക്കുന്ന പുന:സംഘടനയിൽ കരുതലോടെ നീങ്ങാനാണ് നേതൃത്വത്തിന്റെ ആലോചന. ജംബോ കമ്മറ്റികൾ ഇല്ലാതാകുമ്പോൾ മൂലയ്ക്ക് ഇരുത്തേണ്ടിവരുന്ന നേതാക്കളെ അനുനയിപ്പിച്ച് നിർത്താൻ പുതിയ മാർഗങ്ങളും നേതൃത്വം ആലോചിക്കുന്നുണ്ട്. ഭാരവാഹി പുന:സംഘടനയിലും തഴയപ്പെട്ടാൽ വീണ്ടും പരസ്യ ഏറ്റുമുട്ടലിന് എ, ഐ ഗ്രൂപ്പ് നേതൃത്യങ്ങൾ ഇറങ്ങും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...