നടന്‍ റിസബാവ അന്തരിച്ചു

rizabawa-01
SHARE

നടൻ റിസബാവ അന്തരിച്ചു. അറുപത് വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  കബറടക്കം നാളെ രാവിലെ 10ന് ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ. ഒട്ടേറെ കഥാപാത്രങ്ങൾ തേടിയെത്തിയപ്പോഴും മുപ്പത്തിയൊന്ന് വർഷം മുൻപ് അഭിനയിച്ച വില്ലൻ വേഷത്തിൽ അവസാനംവരെയും ഓർമിക്കപ്പെട്ട നടനാണ് റിസബാവ. നാടകത്തിലൂടെ സിനിമാലോകത്ത് എത്തിയ റിസബാവ  നൂറ്റിയമ്പതിലധികം സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു. അന്നുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത വില്ലൻ കഥാപാത്രം. തൊണ്ണൂറിൽ റിലീസ് ചെയ്ത ഡോ.പശുപതി എന്ന സിനിമയിലൂടെയാണ് ആദ്യം പ്രേക്ഷകരിലേക്ക് എത്തിയതെങ്കിലും റിസബാവയ്ക്ക് മലയാള സിനിമയിൽ മേൽവിലാസം കുറിച്ചത് സിദ്ദിഖ്-ലാൽ ചിത്രമായ ഇൻ ഹരിഹർ നഗറിലെ വില്ലൻ കഥാപാത്രം ജോൺ ഹോനായിയായിരുന്നു. ഇൻ ഹരിഹർ നഗറിലെ  ജോൺ ഹൊനായി എന്ന കഥാപാത്രത്തിൽനിന്ന് പുറത്തുകടന്നിട്ടും അതേ പേരിൽ വർഷങ്ങളോളം വിളികേട്ടു റിസബാവ. ഹരിഹർ നഗറിന്റെ പിന്നീടുള്ള ഭാഗങ്ങളിൽ പോലും ഹോനായി എന്ന കഥാപാത്രം അദൃശ്യ ശക്തിയായത് റിസബാവ എന്ന നടന്റെ മികവ് കൊണ്ടുകൂടിയാണ്. ഒടുവിൽ ജോൺ ഹോനായ് എന്ന പേരിൽ റിസബാവ എത്തിയ സിനിമയുമുണ്ടായി. 

നാടകങ്ങളിലൂടെയാണ് റിസബാവ ചലച്ചിത്ര രം​ഗത്തേക്ക് എത്തിയത്. 1984-ൽ വിഷുപ്പക്ഷിയിലൂടെ  റിസബാവ മലയാള സിനിമയിൽ എത്തിയെങ്കിലും അത് റിലീസായില്ല. ഇൻ ഹരിഹർ നഗർ എന്ന സിനിമ തിരുത്തിയെഴുതിയ ജാതകവുമായി പിന്നീട് ഒട്ടനവധി സിനിമകളിലും സീരിയലുകളിലും റിസബാവ അഭിനയിച്ചു. തന്റെ അഭിനയമികവിന് അർഹിച്ച കഥാപാത്രങ്ങൾ പക്ഷെ ചുരുക്കമെ റിസബാവയെ തേടിയെത്തിയുള്ളു. 2011ൽ കർമ്മയോ​ഗി എന്ന ചിത്രത്തിൽ ശബ്ദം നൽകിയതിന് മികച്ച ഡബ്ബിങ്​ ആർട്ടിസ്റ്റിനുള്ള സംസ്​ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...