ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റി; ആയിശ ബാനു പുതിയ പ്രസിഡന്റ്

haritha
SHARE

എം.എസ്.എഫിന്റ വനിത വിഭാഗമായ ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷറര്‍ പി.എച്ച് ആയിഷ ബാനുവാണ് പ്രസിഡന്റ്. എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ ഹരിത വനിത കമ്മീഷന് നല്‍കിയ പരാതിയില്‍ ഒപ്പിടാത്ത ഏക അംഗത്തെ തന്നെ ലീഗ് നേതൃത്വം പ്രസിഡന്റ് ആക്കിയത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. 

കഴിഞ്ഞ കമ്മിറ്റിയില്‍ 12 അംഗങ്ങളുണ്ടായിരുന്നെങ്കില്‍ ഇത്തവണ ഒന്‍പത് പേര്‍ മാത്രം. മലപ്പുറത്ത് നിന്നുള്ള ആയിഷബാനു പ്രസി‍ഡന്റായ കമ്മിറ്റിയില്‍ കണ്ണൂരില്‍ നിന്നുള്ള റുമൈസ റഫീഖാണ് ജനറല്‍ സെക്രട്ടറി. വൈസ് പ്രസിഡന്റുമാരായി നജ് വ ഹനീന, ഷാഹിദ റാഷിദ്, അയ്ഷ മറിയം എന്നിവരേയും സെക്രട്ടറിമാരായി അഫ്ഷില,എസ് ഫായിസ,അഖീല ഫര്‍സാന എന്നിവരെയും നിയമിച്ചു. മലപ്പുറത്ത് നിന്നുള്ള നയന സുരേഷാണ് സംസ്ഥാന ട്രഷറര്‍. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കാനില്ലെന്ന് പറഞ്ഞാണ് എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ വനിത കമ്മീഷന് നല്‍കിയ പരാതിയില്‍ ആയിഷ ബാനു ഒപ്പിടാതിരുന്നത്. അതേ ആയിഷയെ പ്രസിഡന്റാക്കി  പുതിയ കമ്മിറ്റി പ്രഖ്യാപിച്ചത് മുന്‍ഹരിത നേതാക്കള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. ലീഗ് ജില്ലാ കമ്മിറ്റികളോട് ആലോചിച്ചാണ് തീരുമാനമെടുത്തതെന്നാണ് ജനറല്‍ സെക്രട്ടറിയുടെ അറിയിപ്പ്.

ജൂണ്‍ 22ന് നടന്ന സംസ്ഥാന കമ്മിറ്റിയില്‍ ലൈംഗികമായി അധിക്ഷേപിച്ച പ്രസിഡന്റ് പി കെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരിത വനിത കമ്മീഷനെ സമീപിച്ചത്. പരാതി പിന്‍വലിപ്പിക്കാന്‍ ലീഗ് നേതൃത്വം പലതവണ ശ്രമിച്ചെങ്കിലും ഹരിത വഴങ്ങിയില്ല. ഇതെത്തുടര്‍ന്നാണ് സംസ്ഥാന കമ്മിറ്റി ആദ്യം മരവിപ്പിച്ചതും പിന്നെ പിരിച്ചുവിട്ടതും. അതേസമയം പരാതിയില്‍ മുന്‍ ഹരിത നേതാക്കള്‍ ഉറച്ചുനില്‍ക്കുകയാണ്. സെക്രട്ടറിയായിരുന്ന  മിന ജലീല്‍ രാഷ്ര്ടീയം അവസാനിപ്പിക്കുന്നതായി ഇന്നലെ അറിയിച്ചു.മറ്റ് ചിലരും ഇതേ തീരുമാനത്തിലാണെന്നാണ് സൂചന. അതേസമയം കേസ് അന്വേഷണത്തിന്റ ഭാഗമായി, 22ന് ചേര്‍ന്ന യോഗത്തിന്റ  മിനിറ്റ്സ് എം.എസ്.എഫ് ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ അടുത്തദിവസം കോഴിക്കോട് വെള്ളയില്‍ പൊലീസിന് കൈമാറും

MORE IN BREAKING NEWS
SHOW MORE
Loading...
Loading...