നടി ചിത്ര അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

actress-chithra-malayalam-c
SHARE

പ്രമുഖ തെന്നിന്ത്യന്‍ നടി ചിത്ര അന്തരിച്ചു. പുലര്‍ച്ചെ ചെന്നൈ സാലീഗ്രാമത്തിലെ വീട്ടില്‍ വച്ചു ഹൃദായാഘാതമുണ്ടാവുകയായിരുന്നു. 56 വയസായിരുന്നു. സംസ്കാരം വൈകീട്ട്. ബാലതാരമായെത്തി നായികയും സഹനടിയും വില്ലന്‍ വേഷങ്ങളിലും തിളങ്ങിയ പ്രതിഭയാണ് അരങ്ങൊഴിയുന്നത്. 1983 ല്‍ പ്രേം നസീര്‍ മോഹനന്‍ലാല്‍ കൂട്ടുകെട്ടില്‍ സൂപ്പര്‍ ഹിറ്റായ സിനിമ ആട്ടകലാശത്തിലൂടെയാണ് അരങ്ങേറ്റം. പിന്നീടങ്ങോട്ട് രണ്ടുപതിറ്റാണ്ട് തിരഞ്ഞുനോക്കേണ്ടിവന്നില്ല. സിനിമ തിരക്കുമൂലം പഠനം പോലും പാതിവഴിയില്‍ നിലച്ചു.

രജനികാന്ത്, കമല്‍ഹാസന്‍ മോഹന്‍ലാല്‍, മമ്മുട്ടി, സുരേഷ് ഗോപി, തുടങ്ങിയ തമിഴിലെയും മലയാളത്തിലെയും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം സ്ക്രീന്‍ പങ്കിട്ട നടി. ഒരു ഘട്ടത്തില്‍ നായികയില്‍ നിന്ന് സഹനടിയായി. പിന്നീട് ആറാം തമ്പുരാനിലെ  തോട്ടത്തില്‍ മീനാക്ഷിയെ പോലെ  മറക്കാന്‍ കഴിയാത്ത ചെറു രംഗങ്ങളിലും ചിത്ര നിറഞ്ഞുനിന്നു. അമരം,പാഥേയം,കളിക്കളം പഞ്ചാഗ്നി, ഒരു വടക്കന്‍  വീരഗാഥ  അദ്വൈത്വം ദേവാസൂരന്‍ തുടങ്ങി ഒരു കാലത്തെ സൂപ്പര്‍ ഹിറ്റുകളുടെയെല്ലാം ഭാഗമായിരുന്നു. ആട്ടക്കലാശത്തിലെ നാണമാവുന്നു മേനി നോവുന്നു പാട്ട് മതി മൂന്നുപതിറ്റാണ്ട് പിന്നിട്ടും ചലച്ചിത്ര പ്രേമികളെ രസിപ്പിക്കുകയാണ്.

സുരേഷ് ഗോപിക്ക് നായക സ്ഥാനം ഉറപ്പിച്ച കമ്മീഷണര്‍ ,ഏകലവ്യന്‌‍‍ സാദരം, രുദ്രാക്ഷം തുടങ്ങിയ സിനിമകളുടെയും അഭിഭാജ്യ ഘടകമായി. 90 കളില്‍ വിവാഹത്തോടെ സിനിമയില്‍ നിന്ന് അകന്ന ചിത്ര പിന്നീട് ചില സീരിയലുകളില്‍ മുഖം കാണിച്ചു. രണ്ടാം വരവിന് ഒരുങ്ങവേ  രംഗബോധമില്ലാത്ത കോമാളിയായി മരണമെത്തി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...