സർക്കാർ അയയുന്നു; 'കടയിൽ പ്രവേശിക്കാൻ നിബന്ധനകള്‍ കര്‍ശനമാക്കില്ല'

covid-clt
SHARE

കടകളില്‍ പ്രവേശിക്കാനുള്ള സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ വിവാദമായതോടെ കര്‍ശന പരിശോധനക്ക് മുതിരേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം. വാക്‌സീന്‍ എടുക്കാത്തവരോ ആര്‍ടിപിസിആര്‍ ഇല്ലാത്തവരോ കടയില്‍ പ്രവേശിക്കുന്നത് തടയില്ല. സാമൂഹിക അകലം പാലിക്കുന്നത് മാത്രം ഉറപ്പാക്കി മുന്നോട്ട് പോയാല്‍ മതിയെന്നാണ് ജില്ലാ കലക്ടര്‍മാര്‍ എസ്പിമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.   

കടകളില്‍ പ്രവേശിക്കാന്‍ മുന്നോട്ട് വെച്ച നിബന്ധനകള്‍ പിന്‍വലിക്കില്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞെങ്കിലും ജനങ്ങളെ വെറുപ്പിച്ച് മുന്നോട്ട് പോകേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുന്നതിനെ സുപ്രീംകോടതി നേരത്തെ വിമര്‍ശിച്ച സാഹചര്യത്തിലാണ് കടുത്ത നിബന്ധനകളോടെ ഉത്തരവിറക്കിയതെന്ന ഉന്നത ഉദ്യോഗസ്ഥര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഉത്തരവ് കര്‍ശനമായി  നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന് ജില്ലാ കലക്ടര്‍മാര്‍ക്ക് തന്നെ ബോധ്യമുണ്ട്. ഇതിനെ തുടര്‍ന്നാണ് തല്ക്കാലം കര്‍ശന പരിശോധനകള്‍ വേണ്ടെന്ന്് പൊലീസിന് കലക്ടര്‍മാര്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

പക്ഷെ സാമൂഹിക അകലം ഉള്‍പ്പടെയുള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തണം. ഓണക്കാലത്ത് കടുംപിടുത്തത്തിന് പോയാല്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയേക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. കടകള്‍ക്ക് പുറമേ ബാങ്കുകളില്‍ പോകാനും സമാനനിബന്ധനയുണ്ട്. എന്നാല്‍ ബാങ്കുകളില്‍ പരിശോധന അപ്രയോഗികമാണെന്ന് വസ്തുത സര്‍ക്കാര്‍ നേതൃത്വത്തിന് തന്നെ ബോധ്യമുണ്ട്. എന്നാല്‍ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വാക്‌സീന്‍ എടുത്തവരാണോ എന്ന് തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗം പരിശോധിക്കും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...