സിപിഎമ്മിന്റെ താക്കീത് ഫലിച്ചില്ല; ഐഎൻഎല്ലിൽ വീണ്ടും പൊട്ടിത്തെറി; പിളർപ്പിലേക്ക്?

inl-22
SHARE

ഐഎന്‍എല്ലില്‍ വീണ്ടും പൊട്ടിത്തെറി. മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ് നിയമനം ഉള്‍പ്പടെ ചര്‍ച്ച ചെയ്യാന്‍ സെക്രട്ടേറിയറ്റ് വിളിക്കണമെന്ന പ്രസിഡന്റ് അബ്ദുള്‍ വഹാബിന്റ ആവര്‍ത്തിച്ചുള്ള ആവശ്യം സെക്രട്ടറി കാസിം ഇരിക്കൂര്‍ തള്ളി.  ഞായറാഴ്ച എറണാകുളത്ത് സെക്രട്ടറി പ്രവര്‍ത്തക സമിതിയോഗം വിളിച്ചതോടെ അടിയന്തര സെക്രട്ടേറിയറ്റ് വിളിക്കാനാണ് അബ്ദുള്‍ വഹാബിന്റ തീരുമാനം. ഇതോടെ പാര്‍ട്ടിയില്‍ പിളര്‍പ്പിനുള്ള സാധ്യതയേറി. 

ഒറ്റക്കെട്ടായി പോകണമെന്നായിരുന്നു സിപിഎമ്മിന്റ താക്കീത്. അതിന് പുല്ലുവിലപോലും കല്‍പിക്കാതെയാണ് ഇരുവിഭാഗത്തിന്റേയും പോക്ക്. അംഗത്വ വിതരണം, മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫിന്റ നിയമനം, ന്യൂനപക്ഷ  സ്കോളര്‍ഷിപ്പിലെ നിലപാട് എന്നിവ തീരുമാനിക്കാന്‍ 22 അംഗ സെക്രട്ടേറിയറ്റ് വിളിക്കാന്‍ പ്രസിഡന്റ് സെക്രട്ടറിയോട് രണ്ടാഴ്ച മുമ്പ് നേരിട്ട് ആവശ്യപ്പെട്ടു. കേള്‍ക്കാതെ വന്നതോടെ പതിനേഴിനും കഴിഞ്ഞ തിങ്കളാഴ്ചയും കത്ത് നല്‍കി. എന്നാല്‍ സെക്രട്ടേറിയറ്റ് വിളിക്കാതെ ഞായറാഴ്ച എറണാകുളത്ത് 52 അംഗ പ്രവര്‍ത്തകസമിതി വിളിച്ചിരിക്കുകയാണ് സെക്രട്ടറി . സെക്രട്ടേറിയറ്റിനേക്കാള്‍ പ്രവര്‍ത്തകസമിതിയിലാണ് കാസിം ഇരിക്കൂറിനെ അനുകൂലിക്കുന്നവര്‍ കൂടുതലുള്ളത്. നിര്‍ദേശം ലംഘിച്ച് പ്രവര്‍ത്തക സമിതി ചേര്‍ന്നാല്‍ കോഴിക്കോട് അടിയന്തര സെക്രട്ടേറിയറ്റ് വിളിക്കുമെന്നും അംഗങ്ങള്‍ സഹകരിക്കണമെന്നും പ്രസിഡന്റ് മുഴുവന്‍ ഭാരവാഹികളേയും അറിയിച്ചിട്ടുണ്ട്. അങ്ങനെ വന്നാല്‍ അത് ഐഎന്‍എല്ലിന്റ പിളര്‍പ്പാകും. 

സെക്രട്ടറിയും മന്ത്രി അഹമ്മദ് ദേവര്‍ കോവിലും ചേര്‍ന്ന് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തെന്ന ആക്ഷേപം ശക്തമാണ്. മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ് നിയമനം ഇതുവരെ പാര്‍‌ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. പിഎസ്.സി അംഗ നിയമനത്തിന് നേതൃത്വം  ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്ന ആക്ഷേപം കൂടിയായതോടെയാണ് നേതാക്കളെ സിപിഎം നേരിട്ട് വിളിച്ച് താക്കീത് ചെയ്തത്. മന്ത്രിയുടെ പ്രവര്‍ത്തനം  നിരീക്ഷിക്കാന്‍ പഴ്സണല്‍ സ്റ്റാഫില്‍ മൂന്ന് അംഗങ്ങളെ വയ്ക്കാനും സിപി.എം തീരുമാനിച്ചിരുന്നു. പിളര്‍ന്നാല്‍ മുന്നണിക്ക് പുറത്താണ് ഐഎന്‍എല്‍. സെക്രട്ടറിയുടേയും  മന്ത്രിയുടേയും വഴിവിട്ട പോക്കില്‍ വിയോജിപ്പുള്ള സി.പി.എമ്മിന്  പ്രസിഡന്റ് അബ്ദുള്‍ വഹാബിനെ പിന്തുണയ്ക്കാനായിരിക്കും താല്‍പര്യം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...