ശശീന്ദ്രന്റെ രാജി ആവശ്യപ്പെടാൻ പ്രതിപക്ഷം; സഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

assemblysas-22
SHARE

സ്ത്രീയെ അപമാനിച്ചെന്ന പരാതി ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ട മന്ത്രി എ.കെ.ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തും. സിപിഎമ്മും മുഖ്യമന്ത്രിയും ആവര്‍ത്തിക്കുന്ന സ്ത്രീസുരക്ഷ വെറും പാഴ്​വാക്കാണെന്നാവും പ്രതിപക്ഷത്തിന്‍റെ ആക്ഷേപം. കാലാവധി തീരുന്ന പി.എസ്.എസി റാങ്ക് ലിസ്റ്റുകള്‍ നീട്ടണമെന്ന ആവശ്യവും ഇന്ന് നിയമസഭയിൽ ഉയരും. സമ്പൂര്‍ണ ബജറ്റ് പാസാക്കാനുള്ള 20 ദിവസത്തെ നിയമസഭാ സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുക.

മന്ത്രിസ്ഥാനത്ത് എ.കെ.ശശീന്ദ്രനുണ്ടാകരുതെന്ന താക്കീതുമായാണ് പ്രതിപക്ഷം നിയമസഭയിലേക്കെത്തുന്നത്. അപമാനിക്കപ്പെട്ടു എന്നു കാണിച്ച് ഒരു വനിത നല്‍കിയ പരാതി ഒതുക്കിതീര്‍ക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമിച്ച എ.കെ.ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. മന്ത്രി രാജിവെച്ചില്ലെങ്കില്‍ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം എന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. മന്ത്രിയുടെ വിശദീകരണം ദുര്‍ബലവും യുക്തിരഹിതവുമാണ്. സ്ത്രീസുരക്ഷ പ്രധാന അജന്‍ഡയായി ഉയര്‍ത്തിക്കാട്ടുന്ന മുഖ്യമന്ത്രിയും ഇടത് മുന്നണിയും എ.കെ.ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം സംരക്ഷിക്കാന്‍ശ്രമിക്കുകയാണെന്നു കാണിച്ചാവും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസ് നല്‍കുക.

ചോദ്യോത്തര വേളമുതല്‍ സഭാതലം ബഹളത്തിലാകുമോ എന്നാണ് കാണേണ്ടത്. മുഖ്യമന്ത്രിയുടെ മറുപടിയിലൂന്നിയാകും ഭരണപക്ഷത്തിന്‍റെ പ്രതിരോധം. കാലാവധി തീരുന്ന 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ ജോലികാത്തു നില്‍ക്കുന്നവരുടെ ദയനീയാവസ്ഥും ഇന്ന് സഭയിലുന്നയിക്കാന്‍പ്രതിപക്ഷം ശ്രമിക്കും. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് തുടങ്ങി മുട്ടില്‍മരം മുറിയും കോവിഡ് മരണസംഖ്യ കുറച്ചുകാട്ടിയതും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ ആവര്‍ത്തിക്കുന്ന ആക്രമണങ്ങളും ഈ സമ്മേളനകാലത്ത് നിയമസഭയില്‍ ഉയര്‍ന്നുവരും. കിറ്റെക്സില്‍ ഭരണ , പ്രതിപക്ഷങ്ങള്‍ക്ക് വലിയ അഭിപ്രായ ഭിന്നതയുണ്ടാകില്ല. ന്യൂനപക്ഷ സ്്ക്കോളര്‍ഷിപ് വിഷയത്തില്‍ ലീഗും കോണ്‍ഗ്രസും രണ്ടുതട്ടിലാണെന്ന് സ്ഥാപിക്കാന്‍ ഭരണപക്ഷം എല്ലാ തരത്തിലും ശ്രമിക്കും. 20 ദിവസം നീളുന്ന സഭാസമ്മേളനത്തില്‍ ധനാഭ്യര്‍ഥനകൾ അംഗീകരിച്ച് സമ്പൂര്‍ണ ബജ്റ്റ് പാസാക്കുകയാണ് ലക്ഷ്യം. കോവിഡ് സുരക്ഷ പാലിച്ചാണ് സഭാ സമ്മേളനം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...