മരംമുറിക്കേസ് അന്വേഷണസംഘത്തില്‍ നിന്ന് ഡിഎഫ്ഒ: പി.ധനേഷ്കുമാറിനെ മാറ്റി

tree-cut-dfo
SHARE

എറണാകുളം , തൃശൂര്‍ ജില്ലകളിലെ മരംകൊള്ള അന്വേഷണത്തില്‍ നിന്നും കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ പി.ധനേഷ് കുമാറിനെ മാറ്റി. മുട്ടില്‍ മരം മുറിക്കേസില്‍ പ്രതികള്‍ക്കെതിരെ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തി റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥനാണ് ധനേഷ് കുമാര്‍. ധനേഷ് കുമാറിന് രണ്ടു ലക്ഷം രൂപ കൈക്കൂലി നൽകിയെന്ന് ഇന്നലെ മനോരമ ന്യൂസിലൂടെ ആരോപണം ഉന്നയിട്ട മുഖ്യ പ്രതി റോജി അഗസ്റ്റിന്‍ പിന്നീടത് പിന്‍വലിച്ചിരുന്നു. ചുമതല മാറ്റിയ ഉത്തരവ് മനോരമ ന്യൂസിന് ലഭിച്ചു.

മുട്ടിലിലെ മരങ്ങള്‍ നിയമവിരുദ്ധമായി കടത്തിയ ശേഷം അന്വേഷണം അട്ടിമറിക്കാന്‍  പ്രതി റോജി അഗസ്റ്റിന്‍ സൗത്ത് വയനാട് ഡിവിഷണല്‍ ഒാഫീസിലെ സീനിയര്‍ സൂപ്രണ്ടുമായി ചേര്‍ന്ന് വ്യാജരേഖ ചമച്ചെന്ന നിര്‍ണായക കണ്ടെത്തല്‍ നടത്തിയ ഉദ്യാഗസ്ഥനാണ് ധനേഷ് കുമാര്‍.  മരം കടത്തിന് പ്രതികള്‍ നടത്തിയ ഇടപെടലടങ്ങിയ വിശദ റിപ്പോര്‍ട്ട് വനം വകുപ്പിന് സമര്‍പ്പിച്ചിരുന്നു.

ഇതിന് ശേഷമാണ് എറണാകുളം തൃശൂര്‍ ജില്ലകളിലെ മരം കൊള്ളയെക്കുറിച്ച്  വനം വകുപ്പ് രൂപം നല്‍കിയ പ്രത്യക അന്വേഷണസംഘത്തിന്റെ ചുമതല ഇദ്ദേഹത്തിന് നല്‍കിയത്.വയനാടിന് പിന്നാലെ വ്യാപകമായി മരം മുറി നടന്നെന്ന് ആക്ഷേപം ഉയര്‍ന്ന ഈ രണ്ടു ജില്ലകളിലെ വനം കൊള്ളയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ച് 24 മണിക്കൂറിനകമാണ് സ്ഥാന ചലനം.ഭരണപരമായ കാരണങ്ങള്‍ കൊണ്ടാണ് മാറ്റമെന്നാണ് ചീഫ് കണ്‍സര്‍വേറ്റര്‍ ഗംഗാസിങ് ഇറക്കിയ ഉത്തരവില്‍ പറയുന്നത്. 

പുനലൂര്‍ ഫ്ലൈയിങ് സ്ക്വാഡ് ഡി.എഫ്.ഒ ബൈജു കൃഷ്ണനാണ് പകരം ചുമതല. ധനേഷ് കുമാറിന് രണ്ടു ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന് ഇന്നലെ മനോരമ ന്യൂസിലൂടെ ആരോപണം ഉന്നയിച്ച റോജി അഗസ്റ്റിന്‍ പിന്നീട് പിന്‍വലിച്ചിരുന്നു. ഇതിന് ശേഷമാണ് ഉത്തരവിറങ്ങിയത്. ധനേഷിനെ മാറ്റിയതിനെക്കുറിച്ച് അറിയല്ലെന്നും അന്വേഷിക്കാമെന്നുമായിരുന്നു വനം മന്ത്രി എ.കെ ശശീന്ദ്രന്റെ പ്രതികരണം. നിലവിലെ അന്വേഷണങ്ങള്‍ അട്ടിമറിക്കാനാണ് ഉദ്യോഗസ്ഥനെ മാറ്റിയതെന്ന ആക്ഷേപം ഉയരുന്നുണ്ട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...