2018–19 കാലയളവില്‍ കെഎസ്ഇബിക്ക് കോടികളുടെ നഷ്ടം; വിമർശിച്ച് സിഎജി

kseb-electricity-15
SHARE

കെ.എസ്.ഇ.ബിയെ വിമര്‍ശിച്ച് സിഎജി. പീക്ക് അവറുകളില്‍ ആവശ്യത്തിന് വൈദ്യുതി ഉല്‍പാദിപ്പിക്കാതെയും യന്ത്രങ്ങള്‍ പരിപാലിക്കാതെയും കെ.എസ്.ഇ.ബി കോടികളുടെ അധികചെലവുവരുത്തി. 1860 കോടിയാണ് 2018–19 വര്‍ഷത്തെ കെ.എസ്.ഇ.ബിയുടെ നഷ്ടം. ഊര്‍ജേതര മേഖലയിലെ പൊതുമേഖലാസ്ഥാപനങ്ങളുടെ നഷ്ടം 1222 കോടിയാണെന്നും നിയമസഭയില്‍ വച്ച സിഎജി റിപ്പോര്‍ട്ടിലുണ്ട്. 

കെ.എസ്.ഇ.ബി ജലവൈദ്യുതി ഉല്‍പാദനനയം പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പീക്ക് അവറുകളില്‍ അധിക വൈദ്യുതി ആവശ്യമനുസരിച്ച് ഉല്‍പാദനം നടത്തിയില്ല. ഇതുമൂലം 25.31 കോടിയുടെ വൈദ്യുതി അധികം വാങ്ങേണ്ടി വന്നു. ജലവൈദ്യുതി പദ്ധതികളിലെ യന്ത്രങ്ങള്‍ യഥാസമയം പരിപാലിക്കാത്തതിനാല്‍ 920 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദന നഷ്ടമുണ്ടായി. ഇതുവഴി വൈദ്യുതി വാങ്ങുന്നയിനത്തില്‍ 269.77 കോടിയുടെ അധികചെലവുണ്ടായി. കുറ്റ്യാടി പദ്ധതിയുടെ പെന്‍സ്റ്റോക്ക് വിഭജിച്ചത് 10 മെഗാവാട്ട് ഉല്‍പാദനശേഷി കുറയ്ക്കുന്നതിനിടയാക്കി.

ഈ പ്രശ്നം പരിഹരിക്കുന്നതിലെ കാലതാമസം മൂലം 52.36 കോടിയുടെ വൈദ്യുതി വാങ്ങേണ്ടി വന്നു. കുറ്റ്യാടി പദ്ധതിയുടെ ടെയില്‍ റേസ് ചാനലില്‍ തടയണ കെട്ടിയതുമൂലം ഉല്‍പാദനശേഷി 20 മെഗാവാട്ട് കുറയ്ക്കേണ്ടി വന്നു. ഇതുവഴി 39.20 കോടിയുടെ വൈദ്യുതി വാങ്ങേണ്ടി വന്നു. ഇടുക്കി, ശബരിഗിരി പദ്ധതികളുടെ ശേഷികൂട്ടല്‍ സാധ്യത ഉപയോഗിച്ചില്ല, ഇതുമൂലം പ്രതിവര്‍ഷം 212 ദശലക്ഷം യൂണിറ്റ് വൈദ്യുതി അധികം ഉല്‍പാദിപ്പിക്കാനുള്ള അവസരം നഷ്ടമായി. ബിഡുകളുടെ വിലയിരുത്തലിലെ പോരായ്മമൂലം ഇടുക്കി വൈദ്യുത പദ്ധതിയുടെ നവീകരണത്തിന് 21 മാസത്തെ കാലതാമസമുണ്ടായി. ശബരിഗിരി പദ്ധതിയുടെ യൂണിറ്റ് നാല് നവീകരിച്ചിരുന്നു. അതിനുശേഷം സാങ്കേതിക പ്രശ്നങ്ങള്‍ കാരണം യൂണിറ്റ് നിര്‍ബന്ധിതമായി അടച്ചിട്ടതിനാല്‍ വൈദ്യുതി വാങ്ങുന്നതില്‍ 59 കോടി അധികചെലവുണ്ടാക്കി. കാര്‍ബറണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡുമായുള്ള കരാറിലെ വ്യവസ്ഥകള്‍ പാലിക്കാതിരുന്നതിനാല്‍ രണ്ടുകോടിയുടെ വരുമാന നഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. ഊര്‍ജേതരമേഖലയില്‍ ലാഭത്തിലുള്ളത് 53 പൊതുമേഖലാ സ്ഥാപനങ്ങളാണ്. 58 എണ്ണം നഷ്ടത്തിലും. 

  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...