കെ.എസ് എന്ന രണ്ടക്ഷരം; വിട്ടുകൊടുക്കാത്ത പോരാട്ട വീര്യം; അണികളുടെ നേതാവ്

k-sudhakaran-congress-04
SHARE

നിലപാടുകളിലെ ഉറച്ചുനില്‍‌ക്കലും പ്രസംഗങ്ങളിലെ തീപ്പൊരിയുമാണ് കെ.സുധാകരനെ വ്യത്യസ്തനാക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഏറ്റവും പ്രതിസന്ധി നേരിടുന്ന സമയത്താണ് കെ സുധാകരന്‍ കെപിസിസിയുടെ നേതൃത്വം ഏറ്റെടുക്കുന്നത് എന്നതും ശ്രദ്ധേയം. കെ സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ‍വെന്ന് പാര്‍ട്ടിയിലൊരു വിഭാഗം സമ്മര്‍ദമുയര്‍ത്താന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഗ്രൂപ്പ് സമവാക്യങ്ങള്‍ അത്ര ഹിതകരമല്ലാത്തതിനാല്‍ ഇത്ര നീണ്ടുപോയെന്ന് മാത്രം. കെഎസ് ബ്രിഗേഡ് എന്ന പേരില്‍ ഇത്ര സജീവമായ സമൂഹമാധ്യമക്കൂട്ടായ്മകള്‍ കേരളത്തില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവിന്‍റെ പേരിലുമുണ്ടാകില്ല. 

സിപിഎമ്മിന്‍റെ ഉറച്ച കോട്ടയായ കണ്ണൂരില്‍ പാര്‍ട്ടിക്കെതിരെ നേര്‍ക്കുനേര്‍ പോരാടിയാണ് കെ സുധാകരന്‍റെ രാഷ്ട്രീയ വളര്‍ച്ച. കെഎസ് എന്ന രണ്ടക്ഷരം പ്രവര്‍ത്തകരില്‍ ആവേശവും ആത്മബലവും നിറയ്ക്കുന്നതിന്‍റെ കാരണവും മറ്റൊന്നല്ല. കെ എസ് യു താലൂക്ക് പ്രസിഡന്‍റായി തുടക്കം, ഇടയ്ക്ക് സംഘടനാ കോണ്‍ഗ്രസിലേക്കും ജനതാ പാര്‍ട്ടിയിലേക്കും വഴി മാറിയെങ്കിലും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. കണ്ണൂരിലെ പാര്‍ട്ടിയുടെ അവസാനവാക്കായി വളര്‍ന്നു. 

നിയമസഭയിലേക്ക് 1996 മുതല്‍ 2006 വരെ തുടര്‍ച്ചയായി മൂന്നു വിജയങ്ങള്‍. 1980ലും 82 ലും 91 ലും എടക്കാട് മണ്ഡലത്തില്‍ പരാജയം രുചിച്ചെങ്കിലും പിന്നീട് 2001 ലെ ആന്‍റണി മന്ത്രിസഭയില്‍ വനം–കായിക വകുപ്പുകളുടെ ചുമതലക്കാരനായി. 2009 ല്‍ ലോക്സഭയിലേക്കുള്ള കന്നിയങ്കത്തില്‍ കണ്ണൂര്‍ മണ്ഡലം ഇടതുപക്ഷത്ത് നിന്ന് പിടിച്ചെടുത്തു. 2014 ല്‍ ലോക്സഭയിലേക്കും  2016 ല്‍ നിയമസഭയിലേക്കും മല്‍സരിച്ച് തോല്‍വി അറിഞ്ഞെങ്കിലും 2019ല്‍ വീണ്ടും കണ്ണൂരില്‍ നിന്ന് ലോക്സഭയിലേക്ക് ജയിച്ചുകയറി. തിരഞ്ഞെടുപ്പുകാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശം വിവാദമായെങ്കിലും വിട്ടുകൊടുക്കാന്‍ സുധാകരന്‍ തയ്യാറായില്ല. 

പാര്‍ട്ടിനേതൃത്വവും പിന്തുണക്കാന്‍ തയ്യാറാകാതെ മാറിനിന്നപ്പോള്‍ പൊതുസമൂഹത്തില്‍ നിന്നുയര്‍ന്ന വിമര്‍ശനത്തെ സുധാകരന്‍ ഒറ്റയ്ക്കുനേരിട്ടു. ഇതടക്കം ഉയര്‍ത്തിക്കാട്ടിയാണ് പാര്‍ട്ടിക്കുള്ളിലെ ശാക്തിക ബലാബലത്തില്‍ കെഎസിനു വേണ്ടി അണികള്‍ സമ്മര്‍ദ്ദം ശക്തമാക്കിയത്. കണ്ണൂര്‍ ഡിസിസിയുടെ അമരക്കാരനില്‍ നിന്ന് കെപിസിസിയുടെ വര്‍ക്കിങ്ങ് പ്രസിഡന്‍റ് വരെ സംഘടനാ പദവികള്‍ പലതു വഹിക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളിലും പലപ്പോഴും കലാപക്കൊടി ഉയര്‍ത്തി കെഎസ്. ഏറ്റവുമൊടുവില്‍ അതിന്‍റെ മൂര്‍ച്ചയറിഞ്ഞത് കെപിസിസി അധ്യക്ഷപദവിയിലുള്ള മുല്ലപ്പള്ളി രാമചന്ദ്രനാണ്. അത് ആ കസേര ലക്ഷ്യമിട്ടാണെന്ന് ആക്ഷേപം പറഞ്ഞവര്‍ പലരുണ്ടെങ്കിലും പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ അത്തരമൊരു കായകല്‍പ ചികില്‍സ തന്നെ അനിവാര്യമെന്നതില്‍ രണ്ടഭിപ്രായമില്ല. അങ്ങനെയാണ് കെ.സുധാകരന് തന്നെ അതിലേക്ക് വഴി തെളിയുന്നതും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...