കഞ്ഞിക്ക് 1353; പാരസെറ്റമോളിന് 25; ബില്ല് ഉയർത്തി ആ​ഞ്ഞടിച്ച് ഹൈക്കോടതി

kanji-paracetamol-high-cour
SHARE

കഞ്ഞിക്ക് 1353 രൂപയും പാരസെറ്റമോളിന് 25 രൂപയും ഈടാക്കിയ ആശുപത്രികള്‍ കേരളത്തിലുണ്ടെന്ന് ബില്ലുകള്‍ ഉയര്‍ത്തിക്കാട്ടി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ചികില്‍‍സാനിരക്കുകള്‍ ഏകീകരിച്ച സര്‍ക്കാര്‍ നടപടിയെ പ്രശംസിച്ച കോടതി, അതിന് വിരുദ്ധമായി തുകയീടാക്കുന്നവരെ കര്‍ശനമായി നേരിടണമെന്നും സര്‍ക്കാരിനോട് നിര്‍ദേശിച്ചു. 

കോവിഡ് ചികില്‍സയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചതില്‍ കൂടുതല്‍ തുക ഈടാക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കോവിഡ് ചികില്‍സയുടെ മറവില്‍ കൊള്ള അനുവദിക്കില്ല. കോവിഡ് സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ സ്വമേധയാ ചികില്‍സാ നിരക്ക് കുറയ്ക്കുകയായിരുന്നു വേണ്ടത്. കോടതി ഇക്കാര്യത്തില്‍ സജീവമായി ഇടപെട്ടിട്ടും ചില ആശുപത്രികള്‍ കൊള്ള തുടരുകയാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. ഒരു പാത്രം കഞ്ഞിയ്ക്ക് 1353 രൂപ ഈടാക്കിയ ആശുപത്രികളും കേരളത്തിലുണ്ടെന്ന് ബില്ലുകള്‍ ഉയര്‍ത്തിക്കാട്ടി കോടതി വിമര്‍ശിച്ചു. ഒരു പാരാസെറ്റാമോളിന് 25 രൂപ ഈടാക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. ഇങ്ങനെയെങ്കില്‍ സാധാരണക്കാര്‍ എങ്ങനെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുമെന്നും കോടതി നിരീക്ഷിച്ചു. 

സ്വകാര്യ ആശുപത്രികളിലെ FLTC കള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശിച്ച നിരക്ക് ബാധകമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. വാര്‍ഡുകളിലും ഐസിയുകളിലും പൊതുവായി ഉപയോഗിക്കുന്ന പിപിഇ കിറ്റുകള്‍ക്ക് ഓരോ രോഗിയില്‍ നിന്നും പണം ഈടാക്കാതെ പൊതുവായി ഈടാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഭക്ഷണത്തിനും മറ്റും അമിത തുക ഈടാക്കുന്നതായി പരാതിയുണ്ടെങ്കില്‍ ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാര്‍ക്ക് നടപടിയെടുക്കാം. കോവിഡ് രോഗികള്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തുന്നത് ആലോചിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ നിരക്ക് അംഗീകരിക്കാന്‍ തയാറായ എംഇസിനെയും കാത്തലിക് മാനേജ്മെന്‍റ് അസോസിയേഷനെയും കോടതി അഭിനന്ദിച്ചു. സര്‍ക്കാര്‍ നിരക്കുകള്‍ പ്രായോഗികമല്ലെന്ന ഒരു സ്വകാര്യ ആശുപത്രികളുടെ വാദം കോടതി അംഗീകരിച്ചില്ല.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...