കര്‍ണാടകയില്‍ വീണ്ടും ഓക്സിജന്‍ ദുരന്തം; 10 മരണം; ക്ഷാമമില്ലെന്ന് വാദം

oxygen-shortage-2
SHARE

കർണാടകയിലെ കല്‍ബുര്‍ഗിയില്‍ മൂന്നു ആശുപത്രികളിലായി ഓക്സിജന്‍ കിട്ടാതെ 10 രോഗികള്‍ മരിച്ചു. സമയത്ത് ഓക്സിജന്‍ സിലിണ്ടറുകള്‍ കിട്ടാത്തതിനെ തുടര്‍ന്നാണ് ദുരന്തം. ഓക്സിജന്‍ ക്ഷാമം ഇല്ലെന്ന് ജില്ലാഭരണകൂടം. രോഗികള്‍ മരിച്ചത് ആരോഗ്യപ്രശ്നങ്ങള്‍ മൂലമെന്ന് വിശദീകരണം.

അതേസമയം, രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടു കോടി കടന്നു. സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വിദേശസഹായവും ചികില്‍സ ഉപകരണങ്ങളും വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സമിതി രൂപീകരിച്ചു. ബെംഗളുരു യലഹങ്ക ആര്‍ക്കാ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ രണ്ട് കോവിഡ് രോഗികള്‍ മരിച്ചു. 

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ട്. 24 മണിക്കൂറിനിടെ 3,57,229 കേസുകളും 3,449 മരണവും റിപ്പോര്‍ട്ട് ചെയ്തു. 3,20,289 പേര്‍ രോഗമുക്തരായി. കേരളം അടക്കം 5 സംസ്ഥാനങ്ങളിലാണ് രോഗികളില്‍ 47.33 ശതമാനവും. ഡല്‍ഹി സൈനിക ആശുപത്രിയില്‍ ഒാക്സിജന്‍ ക്ഷാമം നേരിട്ടതോടെ പ്രതിരോധമന്ത്രാലയത്തിന്‍റെ അടിയന്തര ഇടപെടല്‍ തേടി. റെംഡെസിവിറിന്‍റെ ഉല്‍പ്പാദനശേഷി ഇന്ത്യ മൂന്ന് മടങ്ങ് വര്‍ധിപ്പിച്ചു. വിദേശരാജ്യങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന സഹായവും ചികില്‍സ ഉപകരണങ്ങളും വിതരണം ചെയ്യാന്‍ ആരോഗ്യമന്ത്രാലയ അഡിഷനല്‍ സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് സമിതി രൂപീകരിച്ചിട്ടുള്ളത്. നീതി ആയോഗ് സിഇഒ മേല്‍നോട്ടം വഹിക്കും. 

ഏപ്രില്‍ 24 മുതല്‍ മേയ് രണ്ടുവരെ 14 രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് സഹായം എത്തിച്ചു. കുവൈത്ത്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് സഹായം ഇന്നെത്തി. ബിഹാറില്‍ ഈ മാസം 15വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ശ്മശാനങ്ങളുടെ അപര്യാപ്ത ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഡല്‍ഹി സര്‍ക്കാരിനും മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും നോട്ടിസ് അയച്ചു. രാജ്യത്ത് സമ്പൂര്‍ണ അടച്ചിടല്‍ വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. നിശ്ചിത വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി പ്രകാരം പാവപ്പെട്ടവര്‍ക്ക് സംരക്ഷണം നല്‍കണം. കേന്ദ്രസര്‍ക്കാരിന്‍റെ നിഷ്ക്രിയത്വം നിരവധി മനുഷ്യരെ കൊലയ്ക്ക് കൊടുക്കുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. വാക്സിന്‍ നല്‍കിയില്ലെങ്കില്‍ പണിമുടക്കുമെന്ന് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ അറിയിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...