താരങ്ങൾക്ക് അടക്കം കോവിഡ്; ഐപിഎല്‍ താല്‍ക്കാലികമായി ഉപേക്ഷിച്ച് ബിസിസിഐ

ipl
Representational Image
SHARE

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇന്ന് കൂടുതല്‍ താരങ്ങള്‍ പോസിറ്റീവായതിന് പിന്നാലെയാണ് തീരുമാനം. ശേഷിക്കുന്ന മല്‍സരങ്ങളെക്കുറിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സുരക്ഷിതമെന്ന് കരുതിയ ബയോ സെക്യുര്‍ ബബിളിനേയും തുളച്ച് കോവിഡ് എത്തിയതിന് പിന്നാലെ അടിയന്തര യോഗം ചേര്‍ന്ന് ബിസിസിഐയും ഐപിഎല്‍ ഗവേണിങ് കൗണ്‍സിലും ടൂര്‍ണമെന്റ് ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഹമ്മദാബാദില്‍ മല്‍സരത്തിനായെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ് താരം അമിത് മിശ്രയ്ക്കും ഡല്‍ഹിയിലുള്ള സണ്‍റൈസേഴ്സ് താരം വൃദ്ധിമാന്‍ സാഹയയ്ക്കും രോഗം സ്ഥിരീകരിച്ചു. സഹതാരങ്ങളെല്ലാം ആറുദിവസത്തെ ഹാര്‍ഡ് ക്വാറന്റീനിലായിരിക്കും. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡഴ്സ്താരങ്ങളായ സന്ദീപ് വാരിയരും വരുണ്‍ ചക്രവര്‍ത്തിയും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബോളിങ് കോച്ച് ബാലാജിയും രണ്ട് ഒഫിഷ്യലുകളും പോസിറ്റീവായിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തര മീറ്റിങ് നടത്തിയത്. 

നേരത്തെ ഓസ്ട്രേലിയന്‍ താരം ആഡം സാംപ ഇന്ത്യയിലെ ബയോ സെക്യുര്‍ ബബിള്‍ സംവിധാനം അപര്യാപ്തമാണെന്ന് വിമര്‍ശിച്ചിരുന്നു. സാംപയടക്കമുള്ള ചില ഓസ്ട്രേലിയന്‍ താരങ്ങള്‍ ടൂര്‍ണമെന്റ് ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. ടൂര്‍ണമെന്റ് നിര്‍ത്തിവച്ചതോടെ താരങ്ങളെ നാട്ടിലേക്ക് മടക്കി അയയ്ക്കുമെന്ന് ബിസിസിഐ അറിയിച്ചു. എന്നാല്‍ ന്യൂസീലന്‍ഡ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റുകളെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഐപിഎല്‍ ഈ സീസണും യുഎഇയില്‍ നടത്താന്‍ ഗവേണിങ് കൗണ്‍സില്‍ ചിന്തിച്ചിരുന്നെന്നും എന്നാല്‍ ബിസിസിഐയില്‍ നിന്ന് അനുകൂലമായ മറുപടി ഉണ്ടാകാത്തതിനാലാണ് ഇന്ത്യ തന്നെ വേദിയാക്കിയതെന്നും ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷത്തെ ട്വന്റി–20 ലോകകപ്പിന് ഇന്ത്യയാണ് വേദിയാകേണ്ടത്. നിലവിലെ  സാഹചര്യത്തില്‍  ബാക്ക് അപ് ഓപ്ഷനായി യുഎഇയെ പരിഗണിക്കുന്നുണ്ടെന്ന് ബിസിസിഐ വ്യക്തമാക്കി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...