തീവ്രവ്യാപനം നേരിടാൻ കൂട്ടപ്പരിശോധന; ഇന്ന് നടത്തിയത് 1.33 ലക്ഷം ടെസ്റ്റ്

covid-testing-05
SHARE

കോവിഡ് രണ്ടാം തരംഗ ഭീതി വര്‍ധിപ്പിച്ച് സംസ്ഥാനത്തെ പ്രതിദിന രോഗവ്യാപനം പതിനായിരം കടന്നു. കോഴിക്കോടും എറണാകുളത്തും ആയിരം കടന്ന് കുതിച്ചപ്പോള്‍ മലപ്പുറം, കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും രോഗവ്യാപനം ഉയര്‍ന്നു. രോഗവ്യാപനം നേരിടുന്നതിന്റെ ഭാഗമായി ഇന്ന് 1.33 ലക്ഷം പേര്‍ക്ക് പരിശോധന നടത്തി. കൂടുതല്‍ പേര്‍ക്ക് പരിശോധന നടന്നത് കോഴിക്കോട്ട്, 19,300 പേര്‍ക്ക്. എറണാകുളം 16,210. തിരുവനന്തപുരം 14,087. ഏറ്റവും കുറവ് ഇടുക്കിയില്‍, 3055 പേര്‍ക്ക്. എന്നാല്‍ ഇതിന്റെ ഫലം ഉള്‍പ്പെടുത്താതെ തന്നെ   രോഗികളുടെയെണ്ണം പതിനായിരം കടന്നത് എന്നത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്.

ഒക്ടോബറിലായിരുന്നു അവസാനമായി കേരളത്തിലെ പ്രതിദിന രോഗബാധ പതിനായിരം കടന്നത്. ആറ് മാസങ്ങള്‍ക്ക് ശേഷം ഇന്ന് 10031 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 14.8 എന്ന ഉയര്‍ന്ന കണക്കിലാണ്. കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ രോഗികള്‍, 1560. എറണാകുളത്ത് 1391 പേരിലും വൈറസ് ബാധ കണ്ടെത്തി. മലപ്പുറം, കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് എന്നീ എട്ട് ജില്ലകളില്‍ അഞ്ഞൂറിലധികം പേര്‍ക്ക് രോഗം കണ്ടെത്തിയതോടെ പത്ത് ജില്ലകളിലും രോഗവ്യാപനം വേഗത്തിലാണ്. 21 മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അതിനിടെ രോഗവ്യാപനം വേഗത്തില്‍ കണ്ടെത്തി ക്വാറന്റീന്‍ നടപ്പിലാക്കി രണ്ടാം തരംഗത്തിലെ വ്യാപനം  നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കൂട്ടപ്പരിശോധനക്ക് തുടക്കമായി. രണ്ട് ദിവസത്തിനുള്ളില്‍ രണ്ടര ലക്ഷം പരിശോധനയാണ് ലക്ഷ്യമിടുന്നത്. കോവിഡ്കണക്കുകള്‍ കുതിക്കുന്ന എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. 

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ സ്വകാര്യ ആശുപത്രികള്‍ വരെയുള്ള സ്ഥാപനങ്ങളിലാണ് ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തുന്നത്. പരിശോധനാഫലം ലഭിക്കുന്നത് വരെ പൊതുസമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുതെന്ന അപേക്ഷയും ആരോഗ്യവകുപ്പ് മുന്നോട്ട് വയ്ക്കുന്നു. കൂട്ടപരിശോധനകളിലൂടെ പരമാവധി രോഗബാധിതരെ കണ്ടെത്തി ഇന്നത്തെ കൂട്ടപ്പരിശോധനയുടെ കണക്ക് നാളെ പ്രസിദ്ധീകരിക്കും. ഇതോടെ രോഗബാധിതരുടെയെണ്ണം വീണ്ടും ഉയര്‍ന്നേക്കും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...