കണ്ണൂരില്‍ ഇന്ന് സമാധാനയോഗം; പാനൂര്‍ മേഖലയില്‍ സുരക്ഷ ശക്തമാക്കി

kannur-violence-03
SHARE

മന്‍സൂര്‍ വധത്തിന്റെയും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ഇന്ന് സമാധാനയോഗം. സി.പി.എം ഓഫിസുകള്‍ക്കുനേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് പാനൂരില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ഇന്നലെ രാത്രിയാണ് പാനൂർ പെരിങ്ങത്തൂർ മേഖലയിലെ സി.പി.എം ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി ഓഫിസുകൾക്ക് തീയിട്ടത്. മന്‍സൂര്‍ വധക്കേസില്‍ പിടിയിലാകാനുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.

മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിന്റെയും തുടര്‍ന്നുണ്ടായ അക്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് ജില്ലാ കലക്ടര്‍ സമാധാനയോഗം വിളിച്ചത്. മൻസൂറിന്റെ വിലാപയാത്ര കടന്നു പോയതിന് പിന്നാലെയാണ് പാനൂര്‍ മേഖലയില്‍ സി.പി.എം ഓഫിസുകള്‍ക്കുനേരെ ആക്രമണമുണ്ടായത്.

പെരിങ്ങത്തൂർ ടൗണിലെ ലോക്കൽ കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തു. കൊടിയും തോരണങ്ങളും തീയിട്ടു. ആച്ചുമുക്കിലെ ബ്രാഞ്ച് കമ്മിറ്റി ഓഫിസും തകർത്തു. കീഴ്മാടം, പെരിങ്ങളം, കടവത്തൂർ എന്നിവിടങ്ങളിലെ ഓഫിസുകൾക്ക് നേരെയും ആക്രമണമുണ്ടായി. ഒട്ടേറെ കടകളും അടിച്ചു തകർത്തു. അക്രമ സാധ്യതയുള്ളതിനാൽ കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

പാർട്ടി ഓഫിസുകൾ അക്രമിച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമ സംഭവങ്ങൾ അരങ്ങേറിയ സ്ഥലങ്ങളില സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. പാനൂർ മേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ചു. മന്‍സൂര്‍ വധക്കേസില്‍ പിടിയിലാകാനുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...