77 മുതല്‍ 82 വരെ സീറ്റുകളില്‍ എല്‍ഡിഎഫ്; ഭരണത്തുടർച്ച പ്രവചിച്ച് സർവേ

pre-poll-survey-2
SHARE

കേരളത്തില്‍ പിണറായി സര്‍ക്കാരിന് തുടര്‍ഭരണ സാധ്യതയെന്ന് മനോരമ ന്യൂസ് –വി.എം.ആര്‍ അഭിപ്രായ സര്‍വേയുടെ അന്തിമഫലം. എല്‍.ഡി.എഫിന് 77 മുതല്‍‍  82  വരെ സീറ്റുകളിലും യു.ഡി.എഫിന് 54 മുതല്‍ 59 വരെ സീറ്റുകളിലും മുന്നേറ്റമുണ്ടാക്കാനാവുമെന്നാണ് സര്‍വെയുടെ പ്രവചനം. എന്‍ഡിഎയ്ക്ക് മൂന്നുസീറ്റ് വരെയും മറ്റ് കക്ഷികള്‍ക്ക് ഒരുസീറ്റും ലഭിച്ചേക്കാം. ഇതില്‍ മൂന്നുശതമാനം വരെയാണ് സര്‍വെ ഫലങ്ങളിലെ വ്യതിയാനസാധ്യത മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനായ നേതാവ് പിണറായി വിജയനാണെന്ന് സര്‍വെയില്‍ പങ്കെടുത്ത 39 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 26 ശതമാനം പേരുടെ പിന്തുണയുമായി ഉമ്മന്‍ചാണ്ടിയാണ് രണ്ടാമത്. 

തുടര്‍ഭരണപ്രതീക്ഷയും അഴിമതിഭരണത്തിന്റെ അന്ത്യവും രാഷ്ട്രീയലക്ഷ്യങ്ങളായി നേര്‍ക്കുനേര്‍ പോരടിക്കുന്ന തിരഞ്ഞെടുപ്പ് കളത്തില്‍ സര്‍ക്കാരിന്റെ നില ഭദ്രമാകാനുള്ള സാധ്യതയാണ് മനോരമ ന്യൂസ് – വി.എം.ആര്‍ അഭിപ്രായ സര്‍വെയുടെ അന്തിമഫലം വ്യക്തമാക്കുന്നത്. 140 മണ്ഡലങ്ങളിലെ രാഷ്ട്രീയ ബലാബലത്തില്‍ 77 മുതല്‍ 82 വരെ സീറ്റുകളുമായി എല്‍.ഡി.എഫ് അധികാരത്തിലേക്ക് മുന്നേറാനുള്ള സാധ്യതയ്ക്കാണ് സര്‍വെ അടിവരയിടുന്നത്. യു.ഡി.എഫിന് 54  മുതല്‍ 59 വരെ സീറ്റുകളില്‍ മുന്നിലെത്താന്‍ കഴിഞ്ഞേക്കുമെന്നും  സര്‍വെ കണ്ടെത്തുന്നു. എന്‍.ഡിഎ മൂന്നിടങ്ങളിലും മറ്റുള്ളവര്‍ ഒരിടത്തും മുന്നിലെത്തും.  ശാസ്ത്രീയമായ വിവരവിശകലനങ്ങളില്‍ ചൂണ്ടിക്കാട്ടപ്പെടുന്ന, സംഭവിക്കാന്‍ സാധ്യതയുള്ള വ്യതിയാന സാധ്യത ഈ സര്‍വെയില്‍ മൂന്ന് ശതമാനമാണ്. അത് സര്‍ക്കാരിന് പ്രതികൂലമായി വ്യതിചലിച്ചാലും എല്‍.ഡി.എഫിന് 77 സീറ്റുകളിലും യു.ഡി.എഫിന്  59 സീറ്റുകളിലും മുന്നേറ്റമുണ്ടാക്കാനാവുമെന്നും സര്‍വെ പ്രവചിക്കുന്നു.  

എല്‍.ഡി.എഫ്   കോഴിക്കോട്, വയനാട്, പത്തനംതിട്ട ജില്ലകളില്‍ നേടിയ സമ്പൂര്‍ണമായ മേല്‍ക്കൈ സാധ്യതയാണ് കടുത്ത മല്‍സരത്തിനിടയിലും അന്തിമഫലത്തില്‍ പ്രതിഫലിച്ചത്.  ഇടുക്കിയിലെ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് മുന്നേറ്റത്തിന്റെ സൂചനകളാണ് നല്‍കിയത്. തിരുവനന്തപുരം ജില്ലയില്‍ ഒരു സീറ്റില്‍ പോലും യു.ഡി.എഫിന്റെ മുന്നേറ്റസാധ്യത ചൂണ്ടിക്കാട്ടപ്പെട്ടില്ല. 

മഞ്ചേശ്വരം, നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് എന്‍.ഡി.എയ്ക്ക് അനുകൂലമായ സാധ്യതകള്‍ സര്‍വെ കണ്ടെത്തിയത്. പൂഞ്ഞാറില്‍ മൂന്ന് മുന്നണികള്‍ക്കും പുറത്തുള്ള സ്ഥാനാര്‍ഥിക്ക് അനുകൂലമായ പശ്ചാത്തലം സര്‍വെ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനവ്യാപകമായി നടത്തിയ സര്‍വെയില്‍ എല്‍.ഡി.എഫിനെ  43.65 ശതമാനം വോട്ടര്‍മാര്‍ പിന്തുണച്ചു. യു.ഡി.എഫിനൊപ്പം 37.37 ശതമാനവും എന്‍.ഡി.എയ്ക്ക് 16.46 ശതമാനവും മറ്റുള്ളവര്‍ക്ക് 2.52 ശതമാനവും വോട്ടര്‍മാരുടെ പിന്തുണലഭിച്ചു. മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനായ നേതാവ് പിണറായി വിജയനാണെന്ന് സര്‍വെയില്‍ പങ്കെടുത്ത 39 ശതമാനം വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. 26 ശതമാനം വോട്ടര്‍മാരുടെ പിന്തുണ ഉമ്മന്‍ചാണ്ടിക്കാണ്. കെ.കെ.ശൈലജയെ 12 ശതമാനം പേരും രമേശ് ചെന്നിത്തലയെ 11 ശതമാനം പേരും പിന്തുണച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അഞ്ചുശതമാനത്തിന്റെയും വി.മുരളീധരന് മൂന്നുശതമാനത്തിന്റെയും പിന്തുണനേടി. പ്രമുഖരായ ആറുനേതാക്കാന്മാരുടെ പേരുകളെ അനുകൂലിക്കാതെ മറ്റൊരാള്‍വരണം എന്ന് നാലുശതമാനം വോട്ടര്‍മാരും അഭിപ്രായപ്പെട്ടു. 

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ തിരഞ്ഞെടുപ്പ് വിശകലന സ്ഥാപനമായ വോട്ടേഴ്സ് മൂഡ് റിസര്‍ച്ച് (വി.എം.ആര്‍) ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലെ 27,000 വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് അഭിപ്രായസര്‍വേ നടത്തിയത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലേയും ഫലസൂചനകള്‍ പ്രവചിക്കുന്ന ഏക സര്‍വേയുമാണിത്.   

MORE IN BREAKING NEWS
SHOW MORE
Loading...
Loading...