ഇരിക്കൂറിൽ വിട്ടുവീഴ്ചയില്ലാതെ എ ഗ്രൂപ്പ്; അനുനയിപ്പിക്കാൻ ഉമ്മന്‍ ചാണ്ടിയെത്തുന്നു

oommenchandy-07
SHARE

ഇരിക്കൂറിനെച്ചൊല്ലി ഇടഞ്ഞ് നില്‍ക്കുന്ന എ ഗ്രൂപ്പിനെ അനുനയിപ്പിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാളെയെത്തും. പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റില്ലെന്ന നിലപാടില്‍ ഹൈക്കമാന്‍ഡ് ഉറച്ചു നിന്നതോടെ പ്രതിസന്ധിയിലാണ് എ ഗ്രൂപ്പ്. ഡി.സി.സി പ്രസിഡന്റ് പദവി വിട്ടുകൊടുക്കുന്നതില്‍ കെ.സുധാകരന്റെ എതിര്‍പ്പും വിലങ്ങുതടിയാകുന്നു.

നിലവില്‍ രണ്ടു വഴികളാണ് എ ഗ്രൂപ്പിന് മുന്നിലുള്ളത്. ഒന്നുകില്‍ പ്രതിഷേധം ഹൈക്കമാന്‍ഡിനെ അറിയിച്ച് സജീവ് ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുക. അല്ലെങ്കില്‍ വിമത സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് നിലപാട് കൂടുതല്‍ കടുപ്പിക്കുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിമതനീക്കം വേണ്ടെന്ന നിലപാടിലാണ് ഗ്രൂപ്പ് നേതൃത്വം. എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറുമല്ല. ഈ ഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ ശ്രദ്ധേയമാകും. ഡി.സി.സി പ്രസിഡന്റ് പദവി സ്വീകരിക്കേണ്ടെന്നാണ് എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.

ഐ ഗ്രൂപ്പിന്റെ കൈവശമുള്ള ഡി.സി.സി വിട്ടുനല്‍കേണ്ടതില്ലെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാവ് കെ.സുധാകരന്‍. കെ.സി.ജോസഫും, എം.എം ഹസ്സനുമായി നടത്തിയ ചര്‍ച്ചയിലും ഇതേ അഭിപ്രായം സുധാകരന്‍ അറിയിച്ചു. എ ഗ്രൂപ്പിനെ ഉടന്‍ അനുനയിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. പ്രതിഷേധങ്ങൾ അല്‍പം തണുത്തതോടെ മന്ദഗതിയിലായിരുന്ന പ്രചാരണം കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ് സ്ഥാനാർഥി സജീവ് ജോസഫ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...