ഡോളര്‍ കേസ്: മുഖ്യമന്ത്രിക്ക് പങ്ക്; ഇടപാടുകളിൽ നേരിട്ട് ഇടപെട്ടു; സ്വപ്നയുടെ രഹസ്യമൊഴി

swapna-statement
SHARE

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍. യുഎഇ മുന്‍ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമെന്നും മുഖ്യമന്ത്രി കോണ്‍സലുമായി നിയമവിരുദ്ധ പണമിടപാടുകള്‍ നടത്തിയെന്നും സ്വപ്നയുടെ മൊഴിയുണ്ട്. സംസ്ഥാനത്തെ മൂന്നു മന്ത്രിമാര്‍ക്കും നിയമവിരുദ്ധമായ ഇടപാടില്‍ പങ്കുണ്ടെന്നും മൊഴിയില്‍ പറയുന്നു. സ്വപ്നയുടെ രഹസ്യമൊഴി മുദ്രവച്ച കവറില്‍ ഹൈക്കോടതിക്ക് കൈമാറാമെന്നും കസ്റ്റംസ് വ്യക്തമാക്കി.  

നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസിന്‍റെ വെളിപ്പെടുതല്‍. നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്ത് യുഎഇ കോണ്‍സുലേറ്റ് വഴി വിദേശത്തേക്ക് ഡോളര്‍ കടത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും നേരിട്ട് പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയതായി കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. യുഎഇ മുന്‍ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും കോണ്‍സലുമായി നിയമവിരുദ്ധ പണമിടപാടുകള്‍ നടത്തിയെന്നും സ്വപ്നയുടെ രഹസ്യമൊഴിയുണ്ട്. 

സംസ്ഥാനത്തെ മൂന്നു മന്ത്രിമാര്‍ക്കും നിയമവിരുദ്ധമായ ഇടപാടില്‍ പങ്കുണ്ട്. പല ഉന്നതര്‍ക്കും ഡോളര്‍ കടത്തില്‍ കമ്മിഷന്‍ ലഭിച്ചു.  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കർ സര്‍ക്കാര്‍ – കോൺസുലേറ്റ് ഇടപാടിലെ പ്രധാന കണ്ണിയാണ് . സര്‍ക്കാര്‍ പദ്ധതികളുടെ മറവില്‍ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും സ്വപ്നസുരേഷ് മജിസ്്്ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. അറബിക് ഭാഷ കൈകാര്യം ചെയ്യുന്ന ആളായാതിനാല്‍ രാഷ്ട്രീയക്കാര്‍ക്കും കോണ്‍സുലേറ്റിനും  ഇടയില്‍ പ്രവര്‍ത്തിച്ചതും താനാണെന്നും എല്ലാ വിവരങ്ങളും തനിക്കറിയാമെന്നുമാണ് സ്വപ്നയുെടെ വെളിപ്പെടുത്തല്‍. 

ഉന്നതരുടെ പേര് വെളിപ്പെടുത്താതിരിക്കാന്‍ ജയിലില്‍ വച്ച്  ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന സുേരഷ് പറഞ്ഞിട്ടുണ്ട് . കഴിഞ്ഞ ഡിസംബറിലാണ് ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം ഡോളര്‍ കടത്ത് കേസില്‍  സ്വപ്നയുടെ മൊഴിയെടുക്കുന്നത്. മൊഴി പരിശോധിച്ച എസിജെഎം കോടതി ഉന്നതരുടെ പേരുകള്‍ കണ്ട് ഞെട്ടിപ്പോയെന്നും അന്വേഷണം വേണമെന്നും വ്യക്തമാക്കിയിരുന്നു. സ്വപ്നയ്ക്ക് ജയിലില്‍  ഭീഷണിയുണ്ടായതുമായി ബന്ധപ്പെട്ട് ജയില്‍ വകുപ്പ് നല്‍കിയ പരാതിയില്‍ നല്‍കിയ എതിര്‍ സത്യവാങ് മൂലത്തിലാണ് കസ്റ്റംസ് വെളിപ്പെടുത്തല്‍.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...