
കിഫ്ബിയില്‍ എന്‍ഫോഴ്സ്മെന്റ് കേസെടുത്തു. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ മസാലബോണ്ടിറക്കി വിദേശത്ത് നിന്ന് വായ്പയെടുത്തത് ഫെമ നിയമത്തിന്റെ ലംഘനമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്. കിഫ്ബി സിഇഒ കെഎം എബ്രഹാം, ഡപ്യൂട്ടി സിഇഒ എന്നിവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസയച്ചു.
മസാല ബോണ്ടിറക്കി വിദേശത്ത് നിന്ന് കിഫ്ബി 2150 കോടി രൂപ വായ്പയെടുത്തത് ഭരണഘടനാ ലംഘനമാണെന്ന സിഎജി കരട് ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ ചുവട് പിടിച്ചാണ് എന്‍ഫോഴ്സ്മെന്റ് കിബ്ഫിയില് പ്രാഥമിക അന്വേഷണം നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ മസാല ബോണ്ടിറക്കിയതും 2150 കോടി സമാഹരിച്ചതും ഫെമ നിയമത്തിന്റെ ലംഘനമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് കേസ്. നിലവില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. കിബ്ഫി സിഇഒ കെഎം എബ്രഹാം , ഡപ്യൂട്ടി സിഇഒ എന്നിവരോട് അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജാരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസയച്ചു. കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്സിസ് ബാങ്കിന്റെ മേധാവികളോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചു. കിഫ്ബി വഴി നടന്ന മുഴുവന്‍ ഇടപാടുകളും വിശദമായി പരിശോധിക്കും.
തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്ന കിഫ്ബി വഴിയുള്ള പദ്ധതികള്‍ അന്വേഷണത്തിന്റെ നിഴലില്‍ വരുന്നതോടെ അന്വേഷണം തന്നെ പ്രചാരണ വിഷയമാകുമെന്നുറപ്പാണ്. കിഫ്ബി മരണക്കെണിയാണെന്നും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിച്ച് ദിവസങ്ങള്‍ക്കകമാണ് എന്‍ഫോഴ്സ്മെന്റ് കേസ്. സംസ്ഥാന സര്‍ക്കാരുകള്‍ വിദേശത്ത് നിന്ന് േനരിട്ട് ധനസമാഹരണം നടത്താന്‍ പാടില്ലെന്ന ഭരണഘടന അനുച്ഛേദം കിബ്ഫി ലംഘിച്ചെന്നായിരുന്നു സിഎജിയുടെ കണ്ടെത്തല്‍ . എന്നാല്‍ സര്‍ക്കാരിന് ബാധകമായ നിയന്ത്രണങ്ങള്‍ ബോഡി കോര്‍പറേറ്റ് സ്ഥാപനമായ കിഫ്ബിക്ക് ബാധകമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.