20ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചേക്കും; അയഞ്ഞ് ഡിഎംകെ: കോൺഗ്രസിന് പ്രതീക്ഷ

Rahul-Gandhi-and-M-K-Stalin
SHARE

തമിഴ്നാട്ടില്‍ ഡി. എം. കെ– കോണ്‍ഗ്രസ് സീറ്റു വിഭജന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. മുന്‍ നിലപാടില്‍ നിന്ന് ഡി. എം. കെ അയഞ്ഞതോടെ 20ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണു കോണ്‍ഗ്രസ് പ്രതീക്ഷ. അതേസമയം   അണ്ണാഡിഎംകെ സഖ്യത്തില്‍ നിന്ന് നടന്‍ വിജയ് കാന്തിന്റെ പാര്‍ട്ടി പുറത്തുകടക്കുമെന്ന് ഏതാണ്ടുറപ്പായി. ഇന്നലെ അണ്ണാഡിഎംകെ വിളിച്ച സീറ്റ് വിഭജന ചര്‍ച്ച ഡി. എം. ഡി. കെ. ബഹിഷ്കരിച്ചു.  

ഉമ്മന്‍ ചാണ്ടിയും  രണ്‍ദീപ് സിങ് സുര്‍ജേവാലയും നേരിട്ടെത്തി നടത്തിയ ആദ്യഘട്ട ചര്‍ച്ച ഫലം കണ്ടിരുന്നില്ല.  പാര്‍ട്ടിക്കു വിജയ സാധ്യതയുള്ള  32 മണ്ഡലങ്ങളുടെ ലിസ്റ്റാണ് കോണ്‍ഗ്രസ് കൈമാറിയിരുന്നത്. എന്നാല്‍ 20 ല്‍ കൂടുതല്‍ നല്‍കാനാവില്ലെന്നു ഡി. എം. കെ ഉറച്ചനിലപാട് എടുത്തു. ഇതോടെ ഉമ്മന്‍ചാണ്ടിയും സുര്‍ജേവാലയും  ചര്‍ച്ച മതിയാക്കി ഇറങ്ങിപോവുകയും ചെയ്തു. പിന്നീട് നടന്ന ആശയവിനിമയത്തിലാണു  കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതു പരിഗണിക്കാമെന്ന സൂചന ഡി. എം. കെ നല്‍കിയത്. രണ്ടു ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണു കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഇന്ന് ഡി. എം. കെ ഇടതു പാര്‍ട്ടികളുമായാണു ചര്‍ച്ച നടത്തുന്നത്. അതിനുശേഷമായിരിക്കും കോണ്‍ഗ്രസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം. അതേസമയം അണ്ണാ ഡി. എം. കെ . നേതൃത്വം നല്‍കുന്ന  എന്‍ .ഡി. എയിലും പ്രതിസന്ധി തുടരുകയാണ്. പാട്ടാളി മക്കള്‍ കക്ഷിക്കു നല്‍കിയ 23  സീറ്റുകള്‍ തങ്ങള്‍ക്കും വേണെന്നാണ് നടന്‍ വിജയ് കാന്തിന്റെ ഡി. എം. ഡി. കെ  ആവശ്യപെടുന്നത്. 

എന്നാല്‍ 13 സീറ്റുകളാണ് അണ്ണാ ഡി. എം. കെ വാഗ്ദാനം. ഇതിനെ തുടര്‍ന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന ചര്‍ച്ചകള്‍  ഡി. എം. ഡി. കെ ബഹിഷ്കരിച്ചു. ഇന്നത്തോടെ തീരുമാനമായില്ലെങ്കില്‍ വിജയ് കാന്തിന്റെ പാര്‍ട്ടി സഖ്യം വിടുമെന്നാണു സൂചന. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവുമായോ,  ടി. ടി. വി. ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവുമായോ ചേര്‍ന്ന് മല്‍സരിക്കാനാണ് ഡി. എം. ഡി. കെയില്‍ ആലോചന.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...