
കൊല്ലം ഇരവിപുരത്ത് മുൻ മന്ത്രി ബാബു ദിവാകരൻ യുഡിഎഫ് സ്ഥാനാർഥിയാകും. ജില്ലയില്‍ ആർ.എസ്.പി മല്‍സരിക്കുന്ന മറ്റ് രണ്ട് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പറ്റി ധാരണയായി. ആറ്റിങ്ങൽ, കയ്പ്പമംഗലം സീറ്റുകളിലെ സ്ഥാനാർഥികളെ കോൺഗ്രസുമായുള്ള അന്തിമചർച്ചയ്ക്കു ശേഷം തീരുമാനിക്കും.
ഇരവിപുരത്തിന്റെ മുൻ എം.എൽ.എയും ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയുമായ എ.എ. അസീസ് തന്നെയാണ് മണ്ഡലം കമ്മറ്റിയിൽ ബാബു ദിവാകരന്റെ പേര് നിർദേശിച്ചത്. സ്ഥാനാർഥിത്വം ഏകകണ്ഠമായി കമ്മറ്റി അംഗീകരിച്ചു. ഇനിയൊരു മൽസരത്തിന് താനില്ലെന്നും എ.എ അസീസ് യോഗത്തെ അറിയിച്ചു. മണ്ഡലം കമ്മറ്റി തീരുമാനം ജില്ലാ നേതൃത്വത്തിന് കൈമാറി. കുന്നത്തൂരിൽ ഉല്ലാസ് കോവൂരിനെ വീണ്ടും മൽസരിപ്പിക്കാനും തീരുമാനമായി.
കഴിഞ്ഞ തവണ പരാജയപ്പെട്ടെങ്കിലും ഉല്ലാസിന്റെ സ്വീകാര്യത വർധിച്ചെന്നാണ് പാർട്ടി യുടെ വിലയിരുത്തൽ. ചവറയിൽ ഷിബു ബേബി ജോണിനെ മൽസരിപ്പിക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ആറ്റിങ്ങൽ, കയ്പ്പമംഗലം സീറ്റുകൾ വേണ്ടെന്ന് ആർ.എസ്.പി നേതൃത്വം കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നിലവിൽ യാതൊരു ഉറപ്പും യു ഡി എഫ് നൽകിയിട്ടില്ല. ഈ മാസം പത്തിന് നടക്കുന്ന ആർ എസ് പിയുടെ സംസ്ഥാന നേത്യ യോഗങ്ങൾക്ക് ശേഷം സ്ഥാനാർഥി പട്ടിക യു ഡി എഫിന് കൈമാറും.