വടക്കൻ ജാഥ ഫലപ്രദമല്ലെന്ന് വിലയിരുത്തൽ; കോടിയേരി മടങ്ങിയെത്തിയേക്കും

cpmkodiyeri-27
SHARE

ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചയുടെ പ്രാഥമിക ധാരണ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നേതൃത്വം അവതരിപ്പിക്കും. ഒരാഴ്ചക്കകം സീറ്റ് വിഭജനം പൂര്‍ത്തിയാകുമെന്ന് സിപിഎം നേതൃത്വം  അറിയിച്ചു. ആരോഗ്യം മെച്ചപ്പെട്ടതോടെ കോടിയേരി ബാലകൃഷ്ണന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി സെക്രട്ടറിയുടെ പദവിയിലേക്ക് തിരികെയെത്തുമെന്ന് സിപിഎം നേതൃത്വം സൂചന നല്‍കി.

വികസന മുന്നേറ്റ ജാഥകളുടെ സമാപനത്തിന് ഒപ്പം തിരഞ്ഞെടുപ്പ് പ്രഖ്യാപനവും വന്നതോടെ തിരക്കിട്ട് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുകയാണ് ഇടതുമുന്നണി.  മുഖ്യമന്ത്രി പിണറായി വിജയനും  കോടിയേരി ബാലകൃഷ്ണനും ഇതുവരെയുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ വിശദീകരിക്കും. സിപിഐ ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടികളുമായും ആദ്യഘട്ട സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കി.

വിട്ടുവീഴ്ചകള്‍ക്ക് തയാറാണെന്ന് മുന്നണിയിലെ നിലവിലെ കക്ഷികള്‍ സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഉള്‍പ്പടെ വിട്ടുനല്‍കാന്‍ സിപിഐയും സിപിഎമ്മിനെ സന്നദ്ധതയറിച്ചിട്ടുണ്ട്. മാണി സി കാപ്പന്‍ വിട്ടുപോയതിനാല്‍ എന്‍ സിപിക്ക് നഷ്ടം സഹിക്കേണ്ടി വരും. എല്‍ ജെ ഡി –ജെ ഡി എസ് ലയനം സാധ്യമാകാത്തതിനാല്‍ പരമാവധി രണ്ടു പാര്‍ട്ടികളെയും ഉള്‍ക്കൊണ്ടുപോകുന്ന സമീപനത്തിന് ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ രൂപം നല്‍കും. സിപിഎം നേതൃത്വത്തില്‍ വീണ്ടും അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്ന് സിപിഎം നേതൃത്വം സൂചന നല്‍കി.

ആക്ടിങ് സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ എ വിജയരാഘവന്‍ മല്‍സരിക്കാനിറങ്ങിയേക്കും. ചികില്‍സക്കായി അവധിയെടുത്ത പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള സാധ്യത തെളിഞ്ഞു. കോടിയേരി പാര്‍ട്ടിയുടെ തലപ്പത്തേക്ക് തിരികെ എത്തേണ്ടത് അനിവാര്യമാണെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതുവികാരം. എ വിജയരാഘവന്റെ നേതൃത്വത്തില്‍ നടന്ന വടക്കന്‍മേഖല ജാഥ വേണ്ടത്ര ഫലപ്രദമായില്ലെന്ന വിലയിരുത്തലും പാര്‍ട്ടിക്കുള്ളിലുണ്ടായിട്ടുണ്ട്.ഇതെല്ലാം കണക്കിലെടുത്താണ് കോടിയേരി തിരികെ എത്താനുള്ള സാധ്യത നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...