ഇംഗ്ലണ്ടിനെ 112 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ; അക്സർ പട്ടേലിന് 6 വിക്കറ്റ്

axar-patel-2
SHARE

അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 112 റൺസിന് എറിഞ്ഞിട്ടു. 48.4 ഓവർ മാത്രം നീണ്ടുനിന്ന ഇന്നിങ്സിനൊടുവിലാണ് ഇംഗ്ലണ്ട് 112 റൺസിന് പുറത്തായത്. അക്സർ പട്ടേൽ 21.4 ഓവറിൽ 38 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. ‌പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിൽ ഓരോന്നുവീതം ജയിച്ച ഇരു ടീമുകളും നിലവിൽ പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ്. ഇംഗ്ലിഷ് നിരയിൽ ഏറ്റവും തിളങ്ങിയത് കരിയറിലെ നാലാം ടെസ്റ്റ് അർധസെഞ്ചുറി കണ്ടെത്തിയ സാക് ക്രൗളി മാത്രം. 84 പന്തുകൾ നേരിട്ട ക്രൗളി 10 ഫോറുകൾ സഹിതം 53 റൺസെടുത്തു. ക്രൗളിക്കു പുറമെ രണ്ടക്കം കണ്ടത് ക്യാപ്റ്റൻ ജോ റൂട്ട് (37 പന്തിൽ 17), ജോഫ്ര ആർച്ചർ (18 പന്തിൽ 11), ബെൻ ഫോക്സ് (58 പന്തിൽ 12) എന്നിവർ മാത്രം. ഓപ്പണർ ഡൊമിനിക് സിബ്‍ലി (ഏഴു പന്തിൽ 0), ജോണി ബെയർസ്റ്റോ (0), ബെൻ സ്റ്റോക്സ് (ആറ്), ഒലീ പോപ്പ് (ഒന്ന്), ജാക്ക് ലീച്ച് (മൂന്ന്), സ്റ്റുവാർട്ട് ബ്രോഡ് (29 പന്തിൽ മൂന്ന്) എന്നിവർ നിരാശപ്പെടുത്തി. ജയിംസ് ആൻഡേഴ്സൻ (0) പുറത്താകാതെ നിന്നു.

മത്സരത്തിലാകെ 21.4 ഓവറുകൾ ബോൾ ചെയ്ത അക്സർ പട്ടേൽ, ആറു മെയ്ഡൻ ഓവറുകൾ സഹിതം 38 റൺസ് മാത്രം വഴങ്ങിയാണ് ആറു വിക്കറ്റ് വീഴ്ത്തിയത്. അശ്വിൻ 16 ഓവറിൽ 26 റൺസ് വഴങ്ങി മൂന്നു വിക്കറ്റും ഇഷാന്ത് ശർമ അഞ്ച് ഓവറിൽ 26 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴത്തി. ഏഴു പന്തു മാത്രം നേരിട്ട സിബ്‍ലിയെയാണ് കരിയറിലെ 100–ാം ടെസ്റ്റ് കളിക്കുന്ന ഇഷാന്ത് ശർമ പുറത്താക്കിയത്. രോഹിത് ശർമ ക്യാച്ചെടുത്തു. പരമ്പരയിൽ ആദ്യമായി കളത്തിലിറങ്ങിയ ജോണി ബെയർസ്റ്റോ ആകട്ടെ, അക്സർ പട്ടേലിന് വിക്കറ്റ് സമ്മാനിച്ചു. പട്ടേലിന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് ബെയർസ്റ്റോ മടങ്ങിയത്. ഇതോടെ രണ്ടിന് 27 റൺസ് എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ ഓപ്പണർ സാക് ക്രൗളിക്കൊപ്പം ക്യാപ്റ്റൻ ജോ റൂട്ട് രക്ഷപ്പെടുത്തുമെന്നാണ് കരുതിയത്. ക്ഷമയോടെ ക്രീസിൽനിന്ന ഇരുവരും ‌സ്കോർബോർഡിലേക്ക് റണ്ണൊഴുക്കിയെങ്കിലും അത് അധികം നീണ്ടില്ല. സ്കോർ 74ൽ നിൽക്കെ റൂട്ടിനെ എൽബിയിൽ കുരുക്കി രവിചന്ദ്രൻ അശ്വിനാണ് കൂട്ടുകെട്ട് പൊളിച്ചത്. 37 പന്തിൽ രണ്ട് ഫോറുകൾ സഹിതം 17 റൺസെടുത്ത റൂട്ടിനെ അശ്വിൻ എൽബിയിൽ കുരുക്കി.

ടീമിലേക്കുള്ള തിരിച്ചുവരവിൽ കരിയറിലെ നാലാം അർധസെഞ്ചുറി കണ്ടെത്തിയ സാക് ക്രൗളിയുടെ ഊഴമായിരുന്നു അടുത്തത്. അക്സർ പട്ടേലിന്റെ പന്തിന്റെ ഗതി നിർണയിക്കുന്നതിൽ പരാജയപ്പെട്ട ക്രൗളി, എൽബിയിൽ കുരുങ്ങി. 84 പന്തിൽ 10 ഫോറുകൾ സഹിതം 53 റൺസെടുത്താണ് ക്രൗളി മടങ്ങിയത്. സ്കോർ 81ൽ നിൽക്കെ ഒലീ പോപ്പിനെ (12 പന്തിൽ ഒന്ന്) അശ്വിൻ ക്ലീൻ ബൗൾഡാക്കിയപ്പോൾ, ബെൻ സ്റ്റോക്സിനെ (24 പന്തിൽ ആറ്) അക്സർ പട്ടേൽ എൽബിയിൽ കുരുക്കി. പിന്നാലെ രണ്ട് ഫോറുകൾ സഹിതം തിരിച്ചടിക്കാനൊരുങ്ങിയ ആർച്ചറിനെയും അക്സർ പട്ടേൽ ക്ലീൻ ബോൾ ചെയ്തു. ജാക്ക് ലീച്ചിന്റെ ഊഴമായിരുന്നു അടുത്തത്. 14 പന്തിൽ മൂന്നു റൺസെടുത്ത ലീച്ചിനെ അശ്വിൻ പൂജാരയുടെ കൈകളിലെത്തിക്കുമ്പോൾ ഇംഗ്ലണ്ട് സ്കോർ 98 റൺസ് മാത്രം.

സ്റ്റുവാർട്ട് ബ്രോഡ് ബെൻ ഫോക്സിനൊപ്പം പ്രതിരോധിച്ചുനിന്നെങ്കിലും ഫലമുണ്ടായില്ല. ബ്രോഡിനെ അക്സർ പട്ടേൽ ജസ്പ്രീത് ബുമ്രയുടെ കൈകളിലെത്തിച്ചു. സമ്പാദ്യം 29 പന്തിൽ മൂന്നു റൺസ് മാത്രം. അധികം വൈകാതെ ബെൻ ഫോക്സിനെ ക്ലീൻ ബോൾ ചെയ്ത അക്സർ, ഇംഗ്ലിഷ് ഇന്നിങ്സിന് തിരശീലയിട്ടു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...